'ഫയലാണോ, തലച്ചോറാണോ കാലി?'; മോദിയുടെ പുതിയ ചിത്രത്തെ പരിഹസിച്ച് പ്രകാശ് രാജ്
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് ഫയലുമായി നടന്നുവരുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തെ പരിഹസിച്ച് ചലച്ചിത്രതാരം പ്രകാശ് രാജ്. മോദിയുടെ കയ്യിൽ കരുതിയിരിക്കുന്ന ഫയലാണോ, തലച്ചോറാണോ കാലിയെന്ന് വ്യക്തമാക്കൂ എന്നായിരുന്നു പ്രകാശ് രാജിന്‍റെ പരാമർശം. മോദി കയ്യിൽ പിടിച്ചിരിക്കുന്ന ഫയൽ കാലിയാണെന്ന വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പ്രകാശ് രാജിന്‍റെ പരാമർശം.
ട്വിറ്ററിൽ മോദിയുടെ ഫോട്ടോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. "2014 മുതൽ ഇതൊരു പ്രതിദിന ചോദ്യാവലിയാണ്. എന്താണ് കാലിയെന്ന് വ്യക്തമാക്കൂ. അദ്ദേഹം കയ്യൽപിടിച്ചിരിക്കുന്ന ഫയലാണോ, അദ്ദേഹം കയ്യിട്ടിരിക്കുന്ന പോക്കറ്റാണോ അതോ അദ്ദേഹത്തിന്‍റെ തലച്ചോറാണോ?" എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചത്.
ഫയലിലുള്ളത് മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളാണെന്നും, മേൽപറഞ്ഞവയെല്ലാം കാലിയാണെന്നും തുടങ്ങി നിരവധി കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്.
നേരത്തെ ചന്ദ്രയാൻ 3-ുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് ഫോട്ടോ പങ്കുവെച്ചതും വലിയ വിവാദമായിരുന്നു. ലുങ്കിയും ഷർട്ടുമിട്ട ചായക്കടക്കാരൻ ചായയുണ്ടാക്കുന്നതിന്‍റെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ചന്ദ്രനിൽ നിന്ന് വിക്രം ലാൻഡർ പകർത്തിയ ചിത്രം എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. വെറുപ്പ് വെറുപ്പിനെ മാത്രമേ കാണുകയുള്ളൂവെന്നും തന്‍റേത് തമാശകലർന്ന ട്വീറ്റ് മാത്രമാണെന്നുമായിരുന്നു ഇതിനോട് പ്രകാശ് രാജിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

