തരൂർ പാർട്ടി വിടാൻ ഒരുങ്ങുകയാണോ?; പാർട്ടി യോഗങ്ങളിൽ നിന്ന് തുടർച്ചയായി വിട്ടുനിന്ന് എം.പി
text_fieldsഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ തുടർച്ചയായി രണ്ട് പാർട്ടി നേതൃയോഗങ്ങളിൽ പങ്കെടുക്കാതിരുന്നത് പുതിയ ചർച്ചകൾക്ക് വഴിവെയ്ക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം, പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ തരൂർ പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച ആരംഭിച്ച ശീതകാല സമ്മേളനത്തിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിലെ ഉന്നത നേതാക്കൾ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ പാർട്ടിയുടെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തിരുന്നു.
പ്രായമായ അമ്മയോടൊപ്പം കേരളത്തിൽ തുടരുന്നത് കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തത് എന്നാണ് തരൂർ നൽകുന്ന വിശദീകരണം. എന്നാൽ, തരൂരും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുണ്ടായ രൂക്ഷമായ ഭിന്നതയാണ് അദ്ദേഹം വിട്ടുനിൽക്കുന്നതിനുള്ള കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
തരൂർ വിട്ടുനിന്ന രണ്ടാമത്തെ നിർണായക പാർട്ടി യോഗമാണിത്. ഇതിനുമുമ്പ്, നവംബർ 18-ന് 'സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ' (SIR) വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പദ്ധതികൾ ചർച്ച ചെയ്യാൻ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. അന്ന് സുഖമില്ലെന്നാണ് യോഗത്തിൽ പങ്കെടുക്കാൻ പറ്റാത്തതിനുള്ള കാരണമായി തരൂർ അറിയിച്ചിരുന്നത്. എന്നാൽ, അതിന് തലേദിവസം വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും മോദിയെ പുകഴ്ത്തുകയും ചെയ്തത് വിവാദമായിരുന്നു.
ഇന്നലെ നടന്ന യോഗത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തിരുന്നില്ല. പാർട്ടി ഹൈക്കമാൻഡിൽനിന്ന് വ്യത്യസ്തമായ നിലപാടുകൾ ആവർത്തിച്ച് സ്വീകരിക്കുന്ന തരൂരിന്റെ തുടർച്ചയായുള്ള യോഗങ്ങളിലെ അസാന്നിധ്യം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ബി.ജെ.പിയുമായി ശശി തരൂർ അടുക്കുന്നതായ ചില സൂചനകളുമുണ്ട്. തരൂർ പ്രധാനമന്ത്രിയെ പ്രശംസിച്ചതിലുള്ള അതൃപ്തി പാർട്ടി അധ്യക്ഷൻ ഖാർഗെ മുമ്പ് വ്യക്തമാക്കുകയുണ്ടായി. കോൺഗ്രസ് വിശ്വസിക്കുന്നത് "രാജ്യം ആദ്യം" (country first) എന്നതിലാണെന്നും, എന്നാൽ "ചില ആളുകൾക്ക് അത് "മോദി ആദ്യം" (Modi first) എന്നാണെന്നും ഖാർഗെ തരൂരിനെ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

