രക്ഷിക്കാൻ നല്ലൊരു അഭിഭാഷകൻ പോലുമില്ല; കോൺഗ്രസ് ഗൂഢാലോചനയുടെ ഇരയാണോ രാഹുൽ ഗാന്ധി? ചോദ്യവുമായി അനുരാഗ് താക്കൂർ
text_fieldsന്യൂഡൽഹി: അപകീർത്തി പരാമർശത്തിൽ പാർലമെന്റിൽ അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ രക്ഷപ്പെടുത്താൻ പ്രമുഖനായ ഒരു അഭിഭാഷകനുമില്ലെന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. കോൺഗ്രസിന്റെ ഗൂഢാലോചനയുടെ ഇരയാണോ രാഹുൽ ഗാന്ധിയെന്ന് താൻ സംശയിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി അയഞ്ഞ പീരങ്കിയാണെന്നും സീരിയൽ കുറ്റവാളിയാണെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയതിനു ശേഷവും വിവിധ കോടതികളിലായി ഏഴ് അപകീർത്തി കേസുകൾ നിലവിലുണ്ടെന്നും താക്കൂർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ കേന്ദ്രസർക്കാരിനോ ലോക്സഭ സെക്രട്ടേറിയറ്റിനോ യാതൊരു പങ്കുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ അപകീർത്തി കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കോൺഗ്രസ് പ്രമുഖരായ അഭിഭാഷകരെ ഏർപ്പെടുത്താത്തത് തന്നെ അദ്ഭുതപ്പെടുത്തുന്നു. അത് മനഃപൂർവമാണോ? കോൺഗ്രസ് രാഹുലിനെതിരെ ഗൂഢാലോചന നടത്തുകയാണോ? അഭിഭാഷകർ മുഴുവൻ ഊർജവുമുപയോഗിച്ച് പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ ഒരുമണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തിയ സംഭവമുണ്ട്. രാഹുലിനെ സഹായിക്കാൻ കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണ്? ഇതൊരു വലിയ ചോദ്യമാണെന്നും അനുരാഗ് താക്കൂർ പറഞ്ഞു.