ഒമിക്രോൺ വകഭേദത്തിന്റെ ഉപവിഭാഗമായ ബിഎ.ടു (BA.2) കേസുകൾ ഇന്ത്യയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. പുതിയ വകഭേദത്തെക്കുറിച്ച് പരിശോധിക്കുന്നതിനായി വൈറസുകളുടെ ജനിത ഘടനയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയായ ജി.ഐ.എസ്.എ.ഐ.ഡിയിലേക്ക് 530 സാമ്പിളുകൾ ഇന്ത്യ അയച്ചു. നാൽപത് രാജ്യങ്ങളിൽ നിന്നായി ഒമിക്രോൺ വകഭേദത്തിന്റെ 8,048 ത്തിലധികം പുതിയ ശ്രേണികൾ ജി.ഐ.എസ്.എ.ഐ.ഡി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ബിഎ ടുവിന്റെ ഏറ്റവും കൂടുതൽ സാമ്പിളുകൾ അയച്ചത് ഡെന്മാർക്കിൽ നിന്നാണ്. ഇന്ത്യയെ കൂടാതെ സ്വീഡനും (181), സിംഗപൂരും (127) പരിശോധനക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഇതുവരെ 426 ബി.എടു കേസുകൾ സ്ഥീരികരിച്ചിട്ടുണ്ട്. അതിൽ 146 കേസുകളും ലണ്ടനിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വൈറസുകൾ നിരന്തരം പരിണാമങ്ങൾക്ക് വിധേയമാകുന്നതിനാൽ ഇവയുടെ ജനിത ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നിരവധി അനിശ്ചിതത്വങ്ങൾ ശാസ്ത്ര ലോകത്ത് നിലനിൽക്കുന്നുണ്ട്. മഹാമാരി തുടർന്നുകൊണ്ടിരിക്കുന്നതിനാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബി.എടു അപകകാരിയാണോ എന്നതിന് തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും യു.കെ എച്ച്.എസ്.എയുടെ കോവിഡ് ഇൻസിഡന്റ് ഡയറക്ടറായ ഡോ. മീര ചന്ദ് അഭിപ്രായപ്പെട്ടു. ബി. എടുവിനെക്കുറിച്ചുള്ള ഡാറ്റകൾ പരിമിതമായതിനാൽ യു.കെ.എച്ച് .എസ്.എ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്നും മീരാ ചന്ദ് അറിയിച്ചു.
ബി.എ ടുവിന്റെ സവിശേഷതകളെക്കുറിച്ച് ശാസ്ത്രജ്ഞമാർ സുക്ഷ്മമായി പരിശോധിക്കുകയാണെന്നും ഉപവിഭാഗമായ ബി.എ വണിനെ അപേക്ഷിച്ച് ബി.എ ടുവിന് പകർച്ചാ നിരക്ക് എത്രത്തോളമുണ്ടെന്ന് നിലവിൽ പറയാനാകില്ലെന്നും ലണ്ടനിലെ ഇംപീരിയൽ കോളജിലെ വൈറോളജിസ്റ്റായ ടോം പീക്കോക് പറഞ്ഞു. പുതിയ വകദേദം നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെ മറികടക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.