‘വിവാഹത്തിന് താൽപര്യമില്ല എന്നു പറയുന്നതിനേക്കാൾ എളുപ്പമാണോ ഒരാളെ കൊല്ലാൻ?’, സോനം രഘുവംശിക്കെതിരെ രോഷവുമായി നെറ്റിസൺസ്
text_fieldsലഖ്നോ: ‘ഒരാളെ വിവാഹം ചെയ്യാൻ താൽപര്യമില്ല എന്നു പറയുന്നതിനേക്കാൾ എളുപ്പമാണോ അയാളെ കൊല്ലാൻ? ഏറെ സ്നേഹം പ്രകടിപ്പിച്ച ഭർത്താവിനെ ഹണിമൂൺ യാത്രക്കിടെ കൊലപ്പെടുത്തിയ നവവധു സോനം രഘുവംശിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രോഷം നിറയുന്നു. പിതാവിന്റെ ഫാക്ടറിയിൽ ജോലിക്കാരനായ കാമുകനുമൊത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ ഈ 26കാരിയുടെ ക്രൂരതയിൽ അമ്പരപ്പ് പ്രകടിപ്പിക്കുകയാണ് പലരും.
മേയ് പത്തിനായിരുന്നു രാജാ രഘുവംശിയുമായി സോനത്തിന്റെ വിവാഹം. മേഘാലയയിലേക്കുള്ള ഹണിമൂൺ യാത്രക്കിടെ 23നാണ് നവ ദമ്പതികളെ കാണാതാകുന്നത്. ജൂൺ രണ്ടിനാണ് രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽ ജില്ലയിലെ മലഞ്ചെരുവിൽ കണ്ടെത്തിയത്.
ശ്രീലങ്കയിലേക്ക് മധുവിധു യാത്ര പോകാനാണ് രാജാ രഘുവംശി തുടക്കത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകാൻ സോനം ഭർത്താവിനെ പ്രേരിപ്പിക്കുകയായിരുന്നു. വാടകക്കൊലയാളികളെ ഒരുക്കിനിർത്തി ഭർത്താവിന്റെ ജീവനെടുക്കാനായിരുന്നു ആ നീക്കം.
‘നിങ്ങൾക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നെങ്കിൽ എന്തിന് ആ പാവം മനുഷ്യന്റെ ജീവനെടുത്തു? വിവാഹത്തിന് താൽപര്യമില്ലെന്ന് പറഞ്ഞാൽ പോരായിരുന്നോ? ഒരു അമ്മക്കും കുടുംബത്തിനും തങ്ങളുടെ പ്രിയപുത്രനെ എന്നേക്കുമായി നഷ്ടപ്പെടുത്തിയത് എന്തിനാണ്?’ -എക്സിൽ എഴുതിയ കുറിപ്പിൽ ഒരാൾ ചോദിക്കുന്നു.
‘ആ അമ്മ പറയുന്നത് കേട്ടില്ലേ? മകളെപ്പോലെയായിരുന്നു അവർ അവളെ കണ്ടിരുന്നത്. അവൾ എന്നെ അമ്മേ എന്ന് വിളിച്ചതിന്റെ അടുത്ത ദിവസം എനിക്കെന്റെ മകനെ നഷ്ടമായി എന്നാണ് അവർ പറഞ്ഞത്’ -മറ്റൊരാൾ കുറിക്കുന്നു.
‘നിങ്ങൾ രാജയുടെ മുഖത്തേക്ക് നോക്കൂ..വിവാഹത്തെക്കുറിച്ചുള്ള പ്രത്യാശയും സന്തോഷവുമൊക്കെയാണ് അയാളുടെ മുഖത്ത് പ്രതിഫലിക്കുന്നത്. എന്നാൽ, വധുവിന്റെ മുഖത്ത് അത്തരം വികാരങ്ങളാന്നുമില്ല. ഒരു ജീവിതം തന്നെ ഇല്ലാതാക്കിക്കളയുന്നതിന് പകരം ‘നോ’ എന്ന് പറയുന്നത് അത്ര കടുപ്പമായി മാറുന്നത് എന്തുകൊണ്ടാണ്? രാജക്ക് നീതി കിട്ടണം’ -വിവാഹ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് ഒരാൾ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.