സ്ട്രസ് കൂട്ടും, ഹൃദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ
text_fieldsജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണമെന്ന എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ നിർദേശം വലിയ കോലാഹലങ്ങളാണുണ്ടാക്കിയത്. ആളുകളുടെ ശാരീരിക-മാനസിക ആരോഗ്യം തകർക്കുന്ന നിർദേശമാണിതെന്നാണ് പരക്കെയുണ്ടായ വിമർശനം. ഒരു യന്ത്രംപോലെ പ്രവർത്തിക്കുന്ന ശരീരത്തിനും കൃത്യമായ വിശ്രമവും പരിചരണവും ആവശ്യമുണ്ടെന്നും പലരും ഓർമപ്പെടുത്തുകയും ചെയ്തു.
ആഴ്ചയിൽ 90 മണിക്കൂർ, അതായത് ഒരു ദിവസം 13 മണിക്കൂർ ജോലിചെയ്യുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. ഒരു ദിവസം എന്നത് 24 മണിക്കൂറാണ്. അതിൽ 13 മണിക്കൂർ ജോലിയെടുത്താൽ പിന്നെ അവശേഷിക്കുന്നത് 11 മണിക്കൂർ മാത്രം. ഉറക്കം, വീട്ടുജോലി, യാത്ര, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ എന്നിവ നിറവേറ്റാനുള്ള സമയമാണ് ആ 11 മണിക്കൂർ. ജോലിക്കായി കൂടുതൽ സമയം മാറ്റിവെക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സ്വാഭാവികമായും സമയം കുറയുന്നു. കഠിനമായ ജോലിഭാരം വലിയ മാനസിക സമ്മർദത്തിലേക്കും ഉറക്കമില്ലായ്മയിലേക്കും നയിക്കുന്നു. സമ്മർദം കുറക്കാൻ പലപ്പോഴും മദ്യപാനം, പുകവലി പോലുള്ള മോശമായ ജീവിത ശൈലികളും പിന്തുടരും. നിലവിൽ ഹൃദ്രോഗവും പ്രമേഹവും ഉയർന്ന രക്തസമ്മർദവും പിടിമുറുക്കിയിരിക്കുകയാണ് ഇന്ത്യയിലെ യുവതലമുറയെ. ജോലി സമയം വർധിക്കുന്നത് മൂലം ഇത്തരത്തിലുള്ള ജീവിത ശൈലീരോഗങ്ങളുടെ പിടിയിലാകുന്നവരുടെ എണ്ണവും കുതിക്കും. നിരന്തരമായ സമ്മർദം വിഷാദം ഉൽക്കണ്ഠ പോലുള്ളവയിലേക്കും നയിച്ചേക്കും.
ഹൃദ്രോഗം: ആഴ്ചയിൽ 55 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നത് ഹൃദയാഘാത സാധ്യത 35 ശതമാനവും ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 17 ശതമാനവും വർധിപ്പിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പഠനത്തിൽ കണ്ടെത്തിയത്. മണിക്കൂറുകൾ ദൈർഘ്യമുള്ള ജോലി കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ പ്രവർത്തനം വർധിപ്പിക്കുന്നു. ഉയർന്ന കോർട്ടിസോളിന്റെ അളവ് രക്തസമ്മർദവും ഹൃദയമിടിപ്പും വർധിപ്പിക്കും. ഇവ രണ്ടും ഹൃദ്രോഗ സാധ്യതയും കൂട്ടുന്നുവെന്നും ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ കാർഡിയോ തൊറാസിക്, ഹാർട്ട് ആൻഡ് ലങ് ട്രാൻസ്പ്ലാൻറ് സർജൻ ഡോ മുകേഷ് ഗോയൽ മുന്നറിയിപ്പ് നൽകുന്നു.
ആഴ്ചയിൽ 40 മണിക്കൂറിലധികം ജോലി ചെയ്യുന്നത് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളെ കഠിനമാക്കുകയും ചുരുങ്ങുകയും ചെയ്യും. ആഴ്ചയിൽ 55 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നത് സ്ട്രോക്കിനുള്ള അപകടസാധ്യതയുമായി വർധിപ്പിക്കുന്നുവെന്നും ഡോ ഗോയൽ പറയുന്നു.
പ്രമേഹം: ദീർഘനേരം ജോലി ചെയ്യുന്നത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പല തരത്തിൽ ബാധിക്കും. “കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പഞ്ചസാരയെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു. ഉയർന്ന കോർട്ടിസോൾ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുമെന്നും ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. സപ്തർഷി ഭട്ടാചാര്യ പറയുന്നു. ജോലിസ്ഥലത്ത് ദീർഘനേരം ആളുകൾ ഭക്ഷണം ഒഴിവാക്കുന്നു. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ വരുത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ഊർജം കുറയാനും പിന്നീട് ആ ദിവസം മുഴുവൻ അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഇടയാക്കും. സൗകര്യാർഥം കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണസാധനങ്ങളാവും കഴിക്കാൻ നിർബന്ധിതരാവുക.
ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചയിൽ 45 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആഴ്ചയിൽ 35-40 മണിക്കൂർ ജോലി ചെയ്യുന്നവരേക്കാൾ പ്രമേഹ സാധ്യത കൂടുതലാണെന്നാണ് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയിൽ 35-40 മണിക്കൂർ ജോലി ചെയ്യുന്നവരെക്കാൾ ആഴ്ചയിൽ 52 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനത്തിലും കണ്ടെത്തി.
ഉറക്കം തടസ്സപ്പെടുന്നു: ഉറക്കം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. നല്ല ഉറക്കത്തിലൂടെ മതിയായ വിശ്രമവും കോശങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യാനും സാധിക്കുന്നുവെന്ന് ഡോ. ഗോയൽ പറയുന്നു. ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, രക്തസമ്മർദം ഉൾപ്പെടെയുള്ള ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ഉറക്കം നിയന്ത്രിക്കുന്നു. ഉറക്കം കുറഞ്ഞാൽ ശരീരഭാരം വർധിക്കാനും ഹോർമോൺ അസന്തുലിതാവസ്ഥക്കും കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ഇടയാക്കും. ഇത് ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുമെന്നും ഡോ. ഗോയൽ പറയുന്നു. ഉറക്കം കുറയുന്നത് ചിലപ്പോൾ വന്ധ്യതയിലേക്ക് പോലും നയിച്ചേക്കാം.
പൊണ്ണത്തടി: സുദീർഘമായ നേരം ജോലി ചെയ്യുന്നത് മൂലം പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവക്കും സാധ്യതയുണ്ട്. ഇവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. ശരീരത്തിന്റെ ചലനം കുറയുന്നത് രക്തചംക്രമണം, പേശീ പിരിമുറുക്കം എന്നിവക്കും കാരണമാകുന്നു. ദഹനം മന്ദഗതിയിലാക്കുന്നുവെന്നും ഡോ. ഗോയൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.