ആർ.എസ്.എസും ജനസംഘവും ക്രൂരമായി ആക്രമിച്ച കർപൂരി ഠാകൂറിനെ കുറിച്ചാണോ ഈ പറയുന്നത്?; മോദിക്ക് മറുപടിയുമായി കോൺഗ്രസ്
text_fieldsജയറാം രമേശ്, കർപൂർ ഠാകൂർ
ന്യൂഡൽഹി: ബിഹാറിൽ സോഷ്യലിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ കർപൂരി ഠാകൂറിന്റെ വസതി സന്ദർശിച്ചതിന് പിന്നാലെ മോദിയുടെ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്.
മോദിയും അദ്ദേഹത്തിന്റെ ബിഹാറിലെ ‘ട്രബിൾ എഞ്ചിൻ’ സർക്കാറും കർപൂരി ഠാകൂർ ആസൂത്രണം ചെയ്ത പിന്നോക്ക വിഭാഗക്കാർക്കുള്ള 65ശതമാനം സംവരണത്തെ സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പിന്നോക്ക വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 1979 ഏപ്രിലിൽ കർപൂരി ഠാകൂറിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ ജനസംഘമാണ് താഴെയിറക്കിയെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയല്ലേയെന്നും ജയറാം രമേശ് ചോദിച്ചു.
വെള്ളിയാഴ്ച, കർപൂരി ഠാകൂറിന്റെ ജന്മസ്ഥലമായ കർപൂരി ഗ്രാം സന്ദർശിച്ച മോദി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അഴിമതിക്കാരായ മഹാസഖ്യം നേതാക്കൾ കർപൂരി ഠാകൂർ മാത്രം അർഹിക്കുന്ന ജനനായക പദവി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ബിഹാറിലെ ജനം തങ്ങളുടെ മഹാ നേതാവിനെ അപമാനിക്കാനുള്ള മഹാസഖ്യം നേതാക്കളുടെ ശ്രമങ്ങൾ പൊറുക്കില്ലെന്നും മോദി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് മോദിക്ക് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയത്. മൂന്ന് ചോദ്യങ്ങളാണ് ജയറാം രമേശ് ഉന്നയിച്ചത്.
ജയറാം രമേശിന്റെ പോസ്റ്റിന്റെ പൂർണരൂപം:
1. 1979 ഏപ്രിലിൽ ബിഹാറിൽ മുൻ മുഖ്യമന്ത്രി കർപൂരി ഠാകൂർ ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്നത്തെ ബി.ജെ.പിയുടെ മാതൃസംഘടനായ ജനസംഘമാണ് സർക്കാറിനെ താഴെയിറക്കിയതെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയല്ലേ? അന്ന് രാഷ്ട്രീയ സ്വയംസേവക സംഘവും (ആർ.എസ്.എസ്) ജനസംഘം നേതാക്കളും കർപൂരി ഠാക്കൂറിനെ നിന്ദ്യമായ അധിക്ഷേപത്തിന് ഇരയാക്കി എന്നത് വസ്തുതയല്ലേ?.
2. 2024 ഏപ്രിൽ 28-ന് ജാതി സെൻസസ് ആവശ്യപ്പെടുന്നവരെ മോദി തന്നെ ‘അർബൻ നക്സലുകൾ’ എന്ന് വിളിച്ചതും പാർലമെന്റിലും (2021 ജൂലൈ 20) സുപ്രീം കോടതിയിലും (2021 സെപ്റ്റംബർ 21) അദ്ദേഹത്തിന്റെ സർക്കാർ ജാതി സെൻസസ് നിരസിച്ചതും വസ്തുതയല്ലേ?
3. 1994 സെപ്റ്റംബറിൽ തമിഴ്‌നാട്ടിൽ സമാനമായ ഒരു നിയമത്തെ കോൺഗ്രസ് സർക്കാർ സംരക്ഷിച്ചതുപോലെ, ഇന്ത്യൻ ഭരണഘടന പ്രകാരം ബിഹാറിലെ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങൾക്കുള്ള 65 ശതമാനം സംവരണ നിയമത്തിന് സംരക്ഷണം നൽകാൻ മോദിയും സംസ്ഥാനത്തെ അദ്ദേഹത്തിന്റെ ‘ട്രബിൾ എഞ്ചിൻ’ സർക്കാറും ഒന്നും ചെയ്തില്ല എന്നത് വസ്തുതയല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

