രാജധാനി എക്സ്പ്രസിൽ കുപ്പിവെള്ളം സൗജന്യമാണോ? പ്രീമിയം ട്രെയിൻ യാത്രയിൽ ഭക്ഷണ ഒപ്ഷൻ നിർബന്ധമാക്കിയോ? റെയിൽവേയുടെ മറുപടി ഇങ്ങനെ
text_fieldsരാജധാനിയടക്കം പ്രീമിയം ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ എല്ലാവരെയും കുഴപ്പിക്കുന്ന ഒന്നാണ് ഭക്ഷണം തെരഞ്ഞെടുക്കണോ വേണ്ടയോ എന്നത്. റെയിൽവേ മെനുവിന് പകരം, പ്രാദേശിക രുചികളൊക്കെ ആസ്വദിച്ച് യാത്രയൊന്ന് കൊഴുപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ബുക്കിങ് വേളയിൽ ഭക്ഷണം ഒഴിവാക്കി മുന്നോട്ടുപോകാൻ അവസരമുണ്ട്. നിലവിൽ, രാജധാനി എക്സ്പ്രസ് , ശതാബ്ദി എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് എന്നീ മൂന്ന് പ്രീമിയം ട്രെയിനുകളുടെ ടിക്കറ്റുകൾക്കൊപ്പം ഭക്ഷണം തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
രാജധാനി എക്സ്പ്രസിൽ കുപ്പിവെള്ളം സൗജന്യമാണോ?
രാജധാനിയിലും മറ്റ് പ്രീമിയം ട്രെയിനുകളിലും സൗജന്യമായി ഒരു ലിറ്റർ റെയിൽ നീർ വെള്ളക്കുപ്പി നൽകുന്നത് സംബന്ധിച്ച് യാത്രക്കാർക്കിടയിൽ ഒരു പൊതു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഭക്ഷണം ഓപ്ഷണലായി മാറിയതുകൊണ്ട്, ‘നോ മീൽസ്’ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് ഇനിമുതൽ സൗജന്യ വെള്ളക്കുപ്പി ലഭിക്കില്ലേ എന്നാണ് പലരുടെയും സംശയം.
അതേസമയം, ഭക്ഷണ ഒപ്ഷൻ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും പ്രീമിയം ട്രെയിൻ യാത്രയിൽ ഒരുകുപ്പിവെള്ളം സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കുകയാണ് റെയിൽവേ. ഇതിന് ടിക്കറ്റിനൊപ്പം ഭക്ഷണം തെരഞ്ഞെടുക്കുന്നതുമായി ബന്ധമില്ല. എല്ലാ യാത്രക്കാർക്കും കുപ്പിവെള്ളം നൽകുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കുന്നു.
ഭക്ഷണം ഒഴിവാക്കാനുള്ള ഒപ്ഷൻ കാണുന്നില്ല!
രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഇന്ത്യൻ റെയിൽവേ ഭക്ഷണം നിർബന്ധമാക്കിയോ എന്ന ആശയക്കുഴപ്പം വ്യാപകമാണ്. ഐ.ആർ.സി.ടി.സി ആപ്പും വെബ്‌സൈറ്റും മുഖേന ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം ഒഴിവാക്കാനുള്ള ഒപ്ഷൻ കാണാനില്ലെന്ന് നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെയടക്കം പരാതികൾ ഉന്നയിച്ചിരുന്നു.
അതേസമയം, പ്രീമിയം ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ‘നോ ഫുഡ്’ ഓപ്ഷൻ നീക്കം ചെയ്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. ‘നോ ഫുഡ്’ ഓപ്ഷൻ ഇപ്പോഴും അതേ പേജിൽ തന്നെ ലഭ്യമാണ്. പേജിൽ ഒപ്ഷൻ പ്രദർശിപ്പിച്ചിരുന്ന സ്ഥാനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ബുക്ക് ചെയ്തില്ലെങ്കിൽ പട്ടിണിയാവുമോ?
പ്രീമിയം ട്രെയിനുകളിൽ, ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാർ ഓൺബോർഡ് ഭക്ഷണം വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. എങ്കിലും, ഇങ്ങനെ ടിക്കറ്റിനൊപ്പം ഭക്ഷണം തെരഞ്ഞെടുക്കാത്തവർക്ക് യാത്രക്കിടെ ട്രയിനിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.
യാത്രക്കാർ ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, കാറ്ററിംഗ് ചാർജുകൾ മൊത്തം ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തി ബില്ലുചെയ്യും. ‘നോ ഫുഡ്’ ഒപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ നിരക്ക് കുറച്ച് ടിക്കറ്റ് നിരക്ക് മാത്രമാണ് ഈടാക്കുക. യാത്രക്കിടെ ഓർഡർ ചെയ്യുകയാണെങ്കിൽ പണം നേരിട്ട് നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

