ന്യൂഡൽഹി: കോവിഡിൻെറ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതിനിടെ പരീക്ഷ നടത്തുന്ന സി.ബി.എസ്.ഇ അടക്കമുള്ള പരീക്ഷാ ബോർഡുകൾക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സി.ബി.എസ്.ഇ പോലുള്ള ബോർഡുകളുടെ നിരുത്തരവാദിത്വമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
കൊറോണ നമ്മുടെ രാജ്യത്തെ വീണ്ടും നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, പരീക്ഷകളുടെ അധിക സമ്മർദ്ദം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളോടുള്ള അനുകമ്പ പ്രതിഫലിപ്പിക്കുന്ന മാറ്റം വേണം. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷക്ക് ഹാജരാക്കുന്നത് സി.ബി.എസ്.ഇ പോലുള്ള ബോർഡുകളുടെ നിരുത്തരവദിത്വമാണ്. പരീക്ഷകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യണം. അല്ലെങ്കിൽ തിരക്കേറിയ പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികൾ നേരിട്ട് വരേണ്ടതില്ലാത്ത രീതിയിൽ ക്രമീകരിക്കണം -പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു.
കോവിഡ് വ്യാപനം തീവ്രമായ സമയത്ത് 10, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം വിദ്യാർഥികൾ ഒപ്പിട്ട ഓൺലൈൻ ഹരജി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, പരീക്ഷ മാറ്റിവെക്കില്ലെന്നായിരുന്നു സി.ബി.എസ്.ഇ, ഐ.എസ്.സി ബോർഡുകളുടെ പ്രതികരണം.