ക്രമക്കേടുകൾ തുടർക്കഥ; രാജ്യത്ത് പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു
text_fieldsന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കലും തുടർക്കഥയായതോടെ രാജ്യത്തെ പ്രവേശന-മത്സര പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. മെഡിക്കൽ പ്രവേശന പരീക്ഷകളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന്, 22 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷ റദ്ദാക്കിയതാണ് ഒടുവിലത്തെ സംഭവം. 2015നുശേഷം സി.ബി.ഐക്ക് കൈമാറുന്ന 18ാമത്തെ പരീക്ഷാ തട്ടിപ്പ് കേസാണിത്.
‘പരിവർത്തൻ’ എന്ന സംഘടന നടത്തിയ പഠനമനുസരിച്ച്, 20 വർഷത്തിനിടെ 21 സംസ്ഥാനങ്ങളിലായി 220 പരീക്ഷാ തട്ടിപ്പുകളാണ് രാജ്യത്ത് അരങ്ങേറിയത്. ചോദ്യപേപ്പർ ചോർച്ച, ആൾമാറാട്ടം, ഒ.എം.ആർ ഷീറ്റിലെ തിരുത്തലുകൾ, ഫലങ്ങളിലെ കൃത്രിമം എന്നിവയിലൂടെ 10 കോടി വിദ്യാർഥികളുടെ ഭാവിയാണ് പന്താടപ്പെട്ടത്. 2015നുമുമ്പ് പ്രതിവർഷം ശരാശരി ഏഴ് തട്ടിപ്പുകൾ നടന്നിരുന്ന സ്ഥാനത്ത്, നിലവിൽ ഇത് പ്രതിവർഷം 12 ആയി ഉയർന്നു. 2015നുശേഷം മാത്രം 148 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, ഇതിൽ 2017ലെ ഹരിയാന ജുഡീഷ്യൽ സർവിസസ് പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
2015നുമുമ്പ് സി.ബി.ഐക്ക് പല കേസുകളിലും പ്രതികളെ ശിക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അതിനുശേഷം സി.ബി.ഐ ഏറ്റെടുത്ത 17 പരീക്ഷാ തട്ടിപ്പ് കേസുകളിൽ ഒന്നിൽപോലും ഇതുവരെ ആർക്കും ശിക്ഷ വാങ്ങിനൽകാൻ കഴിഞ്ഞിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

