ആരോഗ്യ ഇൻഷുറൻസ്; 65 വയസ്സ് പ്രായപരിധി എടുത്തുകളഞ്ഞ് ഐ.ആർ.ഡി.എ.ഐ
text_fieldsന്യൂഡൽഹി: പുതുതായി ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കുന്നവർക്കുള്ള 65 വയസ്സ് പ്രായപരിധി എടുത്തുകളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ). കുതിച്ചുയരുന്ന ചെലവ് കണക്കിലെടുത്ത് പ്രായപരിധിയില്ലാതെ എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കാനാണ് നിബന്ധനകളിൽ ഏപ്രിൽ ഒന്നുമുതൽ മാറ്റംവരുത്തിയതെന്ന് ഐ.ആർ.ഡി.എ.ഐ അറിയിച്ചു.
വിവിധ പ്രായപരിധിയിലുള്ളവർക്ക് തടസ്സമില്ലാതെ ഇൻഷുറൻസ് ലഭ്യമാകുന്നുവെന്ന് കമ്പനികൾ ഉറപ്പുവരുത്തണം. മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്കായി പ്രത്യേകം പോളിസികൾ ആവിഷ്‍കരിക്കാം. നിലവിൽ ഏതുതരം അസുഖമുള്ളവർക്കും പോളിസി നൽകൽ നിർബന്ധമാണ്. അർബുദം, ഹൃദ്രോഗം, വൃക്ക രോഗം, എയ്ഡ്സ് ബാധിതർക്ക് പോളിസി നിഷേധിക്കരുത്. ഇൻഷുറൻസ് പ്രീമിയം ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കണം.
ജനറൽ, ആരോഗ്യ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്ന കമ്പനികൾക്ക് മാത്രമേ ട്രാവൽ ഇൻഷുറൻസ് പോളിസികൾ നൽകാനാകൂ. ആയുർവേദ, യോഗ, നാചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയടങ്ങുന്ന ആയുഷ് ചികിത്സയുടെ തുകക്ക് പരിധി പാടില്ല. മുതിർന്ന പൗരന്മാരുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക സൗകര്യമൊരുക്കണമെന്നും ഐ.ആർ.ഡി.എ.ഐയുടെ പുതിയ നിബന്ധനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

