റെയിൽവേ ബുക്കിങ് ആപ്പും വെബ്സൈറ്റും തകരാറിലായി; ജനം വലഞ്ഞു
text_fieldsന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിങ് വിഭാഗമായ ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) ആപ്പും വെബ്സൈറ്റും തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനരഹിതമായി. തുടർന്ന് തൽകാൽ ടിക്കറ്റടക്കം ബുക്ക് ചെയ്യാനാകാതെ യാത്രക്കാർ വലഞ്ഞു.
ഇന്ത്യയിലുടനീളം സെർവർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ഉപയോക്താക്കൾക്കും വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ പോലും കഴിയുന്നില്ല. അതിനാൽ യാത്ര പോലും മുടങ്ങുന്ന അവസ്ഥയിലാണ് ആളുകൾ. സാങ്കേതിക പ്രശ്നങ്ങൾ കാരണം അടുത്ത ഒരുമണിക്കൂറിലേക്ക് ഇ-ടിക്കറ്റ് ബുക്കിങ് സേവനവും ലഭ്യമാകില്ലെന്നാണ് ഐ.ആർ.സി.ടി.സിയുടെ അറിയിപ്പ്.
ടിക്കറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കായി യാത്രക്കാർ കസ്റ്റമർ കെയർ നമ്പറുകളായ 14646,0755-6610661, 0755-4090600 എന്നിവയിലോ etckets@irctc.co.in എന്ന വിലാസത്തിലോ മെയിൽ ചെയ്യണമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു.
ഐ.ആര്‍.സി.ടി.സി.യുടെ ആപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പണികള്‍ നടക്കുന്നതിനാലാണ് സര്‍വീസ് തടസപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ ആപ്പ് വരുന്നതോടെ ടിക്കറ്റ് എടുക്കുക, പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ട്രെയിന്‍ ലൈവായി ട്രാക്ക് ചെയ്യുക എന്നീ കാര്യങ്ങളെല്ലാം ഒരുകുടക്കീഴിലാവും. ഡിസംബറോടെ ആപ്പ് നവീകരണം പൂര്‍ത്തിയാകും.

