ഇറാൻ ഇസ്രായേൽ സംഘർഷം; പശ്ചിമേഷ്യയിൽ എണ്ണവില കുതിക്കുന്നു, ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിക്ക് സാധ്യത!
text_fieldsഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പൽ കടന്നുപോകുന്നു (ഫയൽ ചിത്രം)
ദുബൈ/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഒമാൻ തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ അസംസ്‌കൃത എണ്ണവില 10 ശതമാനം വർധിച്ച് ബാരലിന് 80 ഡോളറിലെത്തി. വരും ദിവസങ്ങളിൽ വില 100 ഡോളർ കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം 'സ്കൈലൈറ്റ്' എന്ന ചെറിയ എണ്ണക്കപ്പലിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം ഉണ്ടായത്. ഇതോടെ കപ്പൽ തീപിടുത്തത്തിൽ കത്തിയമർന്നു. സംഘർഷം രൂക്ഷമായതോടെ മേർസ്ക് (Maersk), എൻ.വൈ.കെ (NYK) തുടങ്ങിയ പ്രമുഖ ഷിപ്പിങ് കമ്പനികൾ ഈ മേഖലയിലൂടെയുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
സംഘർഷം കനത്തതോടെ ഊർജ്ജ സുരക്ഷ മേഖലയിൽ കനത്ത ആഘാതമാണ് രാജ്യം നേരിടുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും (പ്രതിദിനം ഏകദേശം 27 ലക്ഷം ബാരൽ) ഹോർമുസ് കടലിടുക്ക് വഴിയാണ് വന്നിരുന്നത്. ഈ മേഖല വഴിയുള്ള സർവീസുകൾ ഷിപ്പിങ് കമ്പനികൾ താത്കാലികമായി നിർത്തിവെച്ചതോടെ രാജ്യത്ത് എണ്ണ വില കുതിക്കാൻ കാരണമാകും.
ഇന്ത്യക്കാവശ്യമായ എൽ.പി.ജി.യുടെ 80-85 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഇവക്ക് പ്രത്യേക കരുതൽ ശേഖരം രാജ്യത്ത് ഇല്ലാത്തത് പ്രതിസന്ധി വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ഈ പ്രതിസന്ധി എൽ.എൻ.ജി (LNG) വിലയിൽ 25 ശതമാനം വരെ വർധനവ് ഉണ്ടായേക്കാം. ഇത് ഗാർഹിക-വ്യവസായ മേഖലകളെ ഒരുപോലെ ബാധിക്കും.
ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ മുന്നിലുള്ള മാർഗ്ഗം റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമറിയാണ്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി കിഴക്കൻ പാതയിലൂടെ എണ്ണ എത്തിക്കാൻ കഴിയുമെന്നതാണ് റഷ്യൻ എണ്ണയുടെ പ്രത്യേകത. നിലവിൽ ഇന്ത്യയുടെ പക്കൽ 10 മുതൽ 15 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെയും, ഒരാഴ്ചത്തേക്കുള്ള ഇന്ധനത്തിന്റെയും വാണിജ്യ ശേഖരം മാത്രമാണുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ്മാൻ സാക്സും ലണ്ടൻ ആസ്ഥാനമായിട്ടുള്ള ബാർക്ലെയ്സ് തുടങ്ങിയ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ എണ്ണവില 100 മുതൽ 110 ഡോളർ വരെ ഉയർന്നേക്കുമെന്ന് പ്രവചിക്കുന്നു. എന്നാൽ 2022ലെ റഷ്യ-യുക്രൈൻ യുദ്ധകാലത്തെ അപേക്ഷിച്ച് (139 ഡോളർ) വില നിലവിൽ കുറവാണെന്നത് ആശ്വാസകരമാണ്. അമേരിക്കയിലെ ഷെയ്ൽ ഗ്യാസ് ഉൽപ്പാദനവും ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചതും വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചേക്കും. യുദ്ധം ദീർഘകാലം തുടരുകയും ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടക്കുകയും ചെയ്താൽ ആഗോള സമ്പദ്‌വ്യവസ്ഥ വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

