ഗാന്ധിയാവാൻ താണ്ടേണ്ട ദൂരമോർമിപ്പിച്ച് ഇപ്റ്റയുടെ ഒക്ടോബർ ഫെസ്റ്റ്
text_fieldsമുംബൈ: മഹാത്മ ഗാന്ധിയാകാൻ നമുക്ക് ധാരാളം ദൂരം സഞ്ചരിക്കേണ്ടതായി വരുമെന്ന് വിശ്രുത കാവ്യാലാപകൻ രാജീവ് കാറൽമണ്ണ. കവി - കവിത - കാലം ഒക്ടോബറിന്റെ ഓർമ്മയ്ക്ക് എന്ന ഇപ്റ്റ കേരളയുടെ മുംബൈ ഘടകം സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജീവ് കാറൽമണ്ണ.
ഗാന്ധിയാവാൻ കെട്ടുവേഷങ്ങൾ അഴിച്ചുമാറ്റേണ്ടതായി വരും, പക്ഷേ ഇന്നത്തെ ജനതക്ക് ഇനി അഥവാ അഴിച്ചുമാറ്റിയാലും നമ്മളെ വരയ്ക്കാൻ വളരെ പ്രയാസമായിരിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. മുംബൈയിലെ കവയിത്രി സുനിത ഏഴുമാവിലിന്‍റെ കവിതയുൾപ്പെടെ രാജീവ് കാറൽമണ്ണ ചൊല്ലി.
മുഹമ്മദ് ആംലാഹ്, ദേവിക രാജീവ്, ശ്യാംലാൽ മണിയറ, ഹരിത മേനോൻ, കെ.എ. ഫിറോസ് എന്നിവരും കാവ്യാലാപനങ്ങൾ കൊണ്ട് ഒക്ടോബർ ഫെസ്റ്റിന് ചാരുതയേകി. റെയിൽ വിഹാറിൽ വയലാറും അക്കിത്തവും എം.എൻ പാലൂരും കവിതകളിലൂടെ പെയ്തിറങ്ങി.
പല തരത്തിലും പ്രത്യക്ഷ വൈരുദ്ധ്യങ്ങളും സങ്കീർണതയും നിറഞ്ഞ ഗാന്ധി, അതിനിടയിൽ കൂടി സാധ്യമാക്കിയ ആശയ ലോകവും കർമ്മ വഴികളും വീണ്ടെടുക്കുക എന്നതാണ് വർത്തമാന ദൗത്യമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇപ്റ്റ രക്ഷാധികാരി ജി. വിശ്വനാഥൻ പറഞ്ഞു. ഗാന്ധിയെ വെറും തൂപ്പുകാരനായി ചുരുക്കാനുള്ള വലിയ ശ്രമം അദ്ദേഹത്തെ അദ്ദേഹത്തിന്‍റെ ആത്മാവിൽനിന്ന് മാറ്റാനുള്ള, ചരിത്രത്തെ തിരുത്താനുള്ള ശ്രമമാണെന്നും ഇന്ത്യ കണ്ട വലിയ രാഷ്ട്രീയ ക്ലാസിക്കൽ കവിതയാണ് ഗാന്ധിയെന്നും വിശ്വനാഥൻ പറഞ്ഞു.
മുംബൈയിലെ കാവ്യ സദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു സുമ രാമചന്ദ്രനെ ഓർത്തായിരുന്ന ഇപ്റ്റയുടെ കവിതാരാമം തുടങ്ങിയത്.
രേണു മണിലാൽ സ്വാഗതം പറഞ്ഞ കാവ്യസന്ധ്യയ്ക്ക് ബിജു കോമത് ആമുഖവും ഷാബു ഭാർഗവൻ നന്ദിയും പറഞ്ഞു.
കേരള കേന്ദ്രീയ സംഘടനയുടെ പ്രസിഡന്‍റ് ടി.എൻ ഹരിഹരൻ, നോവലിസ്റ്റ് സി.പി കൃഷ്ണകുമാർ, ഇപ്റ്റയുടെ ബാബു എൻ.കെ എന്നിവർ ചേർന്ന് രാജീവ് കാറൽമണ്ണക്ക് പുരസ്ക്കാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

