'അസ്സലാമു അലൈക്കും', 'ഇൻഷാ അല്ലാഹ്' വാക്കുകൾ ഉപയോഗിച്ചു ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ബുഷ്‌റ ബാനോയ്ക്ക് സ്ഥലംമാറ്റം
text_fieldsബുഷ്‌റ ബാനോ
കൊൽക്കത്ത: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച വീഡിയോയിൽ 'അസ്സലാമു അലൈക്കും', 'ഇൻഷാ അള്ളാഹ്' എന്നീ അറബി വാക്കുകൾ ഉപയോഗിച്ചെന്ന പേരിൽ ഹിന്ദു സംഘടന നൽകിയ പരാതിക്ക് പിന്നാലെ വനിതാ ഐ.പി.എസ് ഓഫീസർക്ക് സ്ഥലംമാറ്റം. പശ്ചിമ ബംഗാൾ കേഡറിലെ 2021 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ബുഷ്‌റ ബാനോയെയാണ് ഖരഗ്പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എ.എസ്.പി) പദവിയിൽ നിന്ന് സ്റ്റേറ്റ് ആംഡ് പോലീസിന്റെ ഡെപ്യൂട്ടി കമാൻഡന്റായി മാറ്റി നിയമിച്ചത്.
സെപ്റ്റംബർ 13-ന് പുറത്തുവിട്ട വീഡിയോയിൽ തന്റെ സിവിൽ സർവീസ് തയ്യാറെടുപ്പുകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വിശദീകരിക്കവെയാണ് ബുഷ്‌റ ബാനോ ആശംസാ വാക്കായി 'അസ്സലാമു അലൈക്കും', 'ഇൻഷാ അല്ലാഹ്', 'ജസാക്കല്ലാഹ്' എന്നീ വാക്കുകൾ ഉപയോഗിച്ചത്. ഇതിനെതിരെ 'ഹിന്ദു ലീഗൽ ഫണ്ട്' എന്ന സംഘടന പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. ഭരണഘടനാ പദവിയിലുള്ള ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥ പരസ്യ സംഭാഷണങ്ങളിൽ നിഷ്പക്ഷത പാലിക്കണമെന്നും, ഇത്തരം വാക്കുകൾക്ക് പകരം 'ജയ് ഹിന്ദ്' അല്ലെങ്കിൽ 'വന്ദേ മാതരം' എന്നിവയായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നതെന്നും സംഘടന ആരോപിച്ചു.
പരാതിയെത്തുടർന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ഭാഷാ പ്രയോഗങ്ങളെയും ചൊല്ലി ദേശീയതലത്തിൽ വലിയ വാദപ്രതിവാദങ്ങൾ ഉടലെടുത്തിരിക്കെയാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ ബുഷ്‌റ ബാനോ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്‌മെന്റിൽ പി.എച്ച്.ഡിയും സൗദി അറേബ്യയിൽ അസിസ്റ്റന്റ് പ്രൊഫസറുമായി ജോലി ചെയ്ത ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തുന്നത്. രണ്ട് കുട്ടികളുടെ അമ്മയായിരിക്കെ കഠിനാധ്വാനത്തിലൂടെ 234-ാം റാങ്ക് നേടി ഐ.പി.എസ് കരസ്ഥമാക്കിയ അവരുടെ പോരാട്ടം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ഖരഗ്പൂർ അഡീഷണൽ എസ്.പിയായി പാർത്ഥ ഘോഷിനെയും ചന്ദൻനഗർ കമ്മീഷണറേറ്റിൽ ശുഭേന്ദു മണ്ഡലിനെയും നിയമിച്ചുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ബുഷ്‌റ ബാനോയുടെയും മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വിവാദ പരാതിക്ക് പിന്നാലെയുള്ള നടപടി വലിയ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

