ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വ്യാജ പരാതിയിൽ ഭർത്താവിനും ഭർതൃ പിതാവിനും ജയിലിൽ കഴിയേണ്ടി വന്നത് മൂന്നു മാസം; പരസ്യമായി മാപ്പ് പറഞ്ഞ് പത്രത്തിലും സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് മുൻ ഭർത്താവിനും ഭർതൃ പിതാവിനുമെതിരെ ഐ.പി.എസ് ഓഫീസർ നൽകിയ വ്യാജ പരാതികൾ റദ്ദ് ചെയ്ത് സുപ്രീം കോടതി. നിരവധി പരാതികളാണ് ഇരുവർക്കുമെതിരെ ഉദ്യോഗസ്ഥ നൽകിയിരുന്നത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ച് വിവാഹ മോചനം ശരിവെക്കുകയും ചെയ്തു.
മകളെ അമ്മയോടൊപ്പം വിട്ട കോടതി ഭർത്താവിനും കുടുംബാംഗങ്ങൾക്കും മകളെ കാണാൻ അനുവാദവും നൽകി. ഉദ്യോഗസ്ഥ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഭർത്താവിന് 109 ദിവസവും അദ്ദേഹത്തിന്‍റെ പിതാവിന് 103 ദിവസവുമാണ് ജയിലിൽ കഴിയേണ്ടി വന്നത്. അവർ അനുഭവിച്ചതൊന്നും നഷ്ടപരിഹാരം കൊണ്ട് പരിഹരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി ഭർത്താവിനോടും കുടുംബത്തോടും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഇത് ഉത്തരവിറങ്ങി മൂന്ന് ദിവസത്തിനകം പ്രധാനപ്പെട്ട ഇംഗ്ലീഷ്, ഹിന്ദി നാഷണൽ എഡിഷൻ പത്രങ്ങളിലും ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
തന്‍റെ ഒദ്യോഗിക പദവി ഭർത്താവിനും കുടുംബത്തിനുമെതിരെ പ്രയോഗിക്കരുതെന്ന് കോടതി ഉദ്യോഗസ്ഥക്ക് താക്കീത് നൽകി. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് ഇവർ ഭർത്താവിനും കുടുംബത്തിനുമെതിരെ കൂടുതൽ വ്യാജ ആരോപണങ്ങളുമായി കേസ് ഫയൽ ചെയ്തത്. ഭർത്താവും ഇവർക്കെതിരെ കേസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

