ഐ.പി.എൽ വാതുവെപ്പ്: 1.15 കോടി പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ഐ.പി.എൽ വാതുവെപ്പിനെതിരെ ബംഗളൂരു പൊലീസ് നടത്തിയ ഊർജിത പരിശോധനയിൽ ഒരാഴ്ചക്കുള്ളിൽ അഞ്ച് വ്യത്യസ്ത കേസുകളിലായി 1.15 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ വ്യാഴാഴ്ച മാത്രം 86 ലക്ഷം രൂപ കണ്ടെടുത്തു.
പാർക്കർ, റൈലക്സ്, ദുബായ് എക്സ്ചേഞ്ച്, ലോട്ടസ്, ബിഗ്ബുൾ 24/7 തുടങ്ങിയ നിരവധി സംശയാസ്പദമായ വെബ്‌സൈറ്റുകളും മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളും കണ്ടെത്തുന്നതിലേക്ക് ഈ പരിശോധന നയിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അക്ഷയ് ഹകായ് മച്ചിന്ദ്ര പറഞ്ഞു.
മൊബൈൽ ആപ്ലിക്കേഷൻ പേരുകൾ പ്രശസ്ത ബ്രാൻഡുകളുടെ അനുകരണങ്ങളാണെന്നും ആയിരക്കണക്കിന് ആളുകൾ ഈ ആപ്ലിക്കേഷനുകളിൽ ലോഗിൻ ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ടോസ് മുതൽ മുഴുവൻ മത്സരം വരെ വിവിധ പന്തയങ്ങൾ വെക്കാൻ ആപ്പുകളിൽ സൗകര്യമുണ്ട്. ഉദാഹരണത്തിന് ആരാണ് ടോസ് ജയിക്കുക, മത്സരഫലം എന്തായിരിക്കും, റൺ എത്ര തുടങ്ങിയവയെക്കുറിച്ച് പന്തയം വെക്കാൻ വാതുവെപ്പുകാർക്ക് കഴിയും.
ആപ്ലിക്കേഷനിൽ ലഭ്യമായ എന്തിനും പന്തയം വെക്കാൻ ഡിജിറ്റൽ നാണയങ്ങളാണ് ഉപയോഗിക്കുന്നത്. ‘ചിപ്പുകൾ’ എന്നാണ് ഇതിനെ വിളിക്കുന്നത്. ആപ്ലിക്കേഷനുകളിൽ പ്രീമിയം, സാധാരണ നിലയിലുള്ള വാതുവെപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി ഇടനിലക്കാർ വാതുവെപ്പുകാർക്ക് പ്രീമിയം അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. അന്വേഷണത്തിൽ വ്യാഴാഴ്ച വ്യത്യസ്ത കേസുകളിലായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജക്കൂരിൽ നിന്നുള്ള വിജയ് കുമാർ, ധ്രുവ മിത്തൽ, രോഹിത് രഞ്ജൻ രവി എന്നിവരാണ് പ്രതികൾ. സ്റ്റേഡിയത്തിനുള്ളിൽ ഇരുന്ന് വാതുവെപ്പ് കളിക്കുന്ന പന്തയക്കാരെ നയിച്ചയാളാണ് രവിയെന്ന് പൊലീസ് പറഞ്ഞു. ഐപിഎൽ ടിക്കറ്റുകളുടെ കരിഞ്ചന്തയും വാതുവെപ്പും തടയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അക്ഷയ് ഹകായ് മച്ചിന്ദ്ര പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് കമ്മീഷണർ ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

