ധർമസ്ഥലയിൽ അന്വേഷണം ഊർജിതം; വനത്തിനുള്ളിലും എസ്.ഐ.ടി പരിശോധന, പഞ്ചായത്ത് ഓഫിസിൽ റെയ്ഡ്
text_fieldsമംഗളൂരു: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടി എന്ന ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. പരാതിക്കാരൻ അടയാളപ്പെടുത്തിയ പതിമൂന്നാം സ്പോട്ടും കടന്ന് എസ്.ഐ.ടി ബുധനാഴ്ച വനത്തിൽ പതിനാലാം ഇടം കുഴിച്ചു.
അതിനിടെ, ധർമസ്ഥല ഗ്രാമപഞ്ചായത്ത് ഓഫിസിൽ ബുധനാഴ്ച റെയ്ഡ് ആരംഭിച്ചു. എസ്.ഐ.ടിയിലെ ഇൻസ്പെക്ടർ സമ്പത്തിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫിസിൽ പരിശോധന ആരംഭിച്ചത്.
കഴിഞ്ഞ മാസം 19ന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം തലവൻ പ്രണബ് കുമാർ മൊഹന്തിയെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പരിഗണിച്ചതിന്റെ അനിശ്ചിതത്വം മറികടക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം ഡി.ജി.പിയും ഐ.ജിയുമായ ഡോ. എം.എ. സലിം അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നു.
പരാതിക്കാരനാണ് അന്വേഷണ സംഘത്തെ വനമേഖലയിലേക്ക് നയിച്ചത്. 1995നും 2014നും ഇടയിൽ താൻ കുഴിച്ചുമൂടിയ ജഡങ്ങൾ സംബന്ധിച്ചാണ് പരാതിക്കാരൻ വെളിപ്പെടുത്തൽ നടത്തിയത്. ഈ കാലയളവിൽ സേവനമനുഷ്ഠിച്ച പഞ്ചായത്ത് വികസന ഓഫിസർമാർ (സെക്രട്ടറിമാർ), മറ്റ് ഉദ്യോഗസ്ഥർ, വില്ലേജ് അക്കൗണ്ടന്റുമാർ എന്നിവരുമായി ബന്ധപ്പെട്ട രേഖകൾ എസ്.ഐ.ടി പിടിച്ചെടുത്തു. അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ 1980കളുടെ അവസാനം മുതലുള്ള രേഖകൾ പഞ്ചായത്തിന്റെ പക്കലുണ്ടെന്ന് ധർമസ്ഥല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ് റാവു നേരത്തെ പറഞ്ഞിരുന്നു.
പരാതിക്കാരന്റെ അവകാശവാദം ചോദ്യം ചെയ്യാനായിരുന്നു റാവുവിന്റെ ധർമസ്ഥല വിധേയ പ്രസ്താവന. എസ്.ഐ.ടി തലവന്റെ കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം മുഖ്യമന്ത്രി
സംസ്ഥാന പൊലീസ് മേധാവി ഡോ. എം.എ. സലിമിന് പ്രത്യേക നിർദേശം നൽകി ചെറുക്കുകയാണ്. അന്വേഷണം ഏതറ്റം വരേയും എന്ന നിലപാടിലുറച്ച് മറിച്ചുള്ള ധർമസ്ഥല പി.ആർ. വർക്കുകൾ മുഖ്യമന്ത്രി തകർക്കുന്നു.
ബെൽത്തങ്ങാടി ഇച്ചിലമ്പാടി സ്വദേശി ടി. ജയന്തിന്റെ പരാതി ഉൾപ്പെടെ അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി എസ്.ഐ.ടിക്ക് ചൊവ്വാഴ്ച നിർദേശം നൽകിയത് ഇതിന്റെ ഭാഗമാണ്. എസ്.ഐ.ടി തലവൻ ഈ മാസം ഒന്നിനും ചൊവ്വാഴ്ചയും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയെ സന്ദർശിച്ചിരുന്നു.
1. 2. ധർമസ്ഥല പഞ്ചായത്ത് ഓഫീസിൽ റെയ്ഡിനെത്തിയ സംഘത്തിന്റെ വാഹനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

