ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ചു
text_fieldsകശ്മീർ: ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷസേന വധിച്ചതായി ബി.എസ്.എഫ് അറിയിച്ചു. ബക്വപൂർ ബോർഡർ ഔട്ട് പോസ്റ്റിന് സമീപം രാത്രി 12.15നാണ് സംഭവം. അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം കണ്ടെത്തിയതിനെ തുടർന്ന് വെടിയുതിർക്കുകയായിരുന്നെന്നും അധികൃതർ പറഞ്ഞു.
വേലിമുറിച്ചുകടക്കാനായി ഒരാൾ പാകിസ്ഥാനിന്‍റെ ഭാഗത്തുനിന്നും വേലിയുടെ അടുത്തേക്ക് വരികയായിരുന്നെന്നും സുരക്ഷസേനയുടെ വിലക്ക് വകവെക്കാതെ വേലി കടക്കാൻ ശ്രമിക്കുകയുമായിരുന്നെന്നും ബി.എസ്.എഫ് വിശദീകരിച്ചു. തുടർ നടപടികൾക്കായി മൃതദേഹം പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, ദോഡ പോലീസും സുരക്ഷാ സേനയും ഒരു ഭീകരനെ കൂടി പിടികൂടി. കൊട്ടി ദോഡ സ്വദേശി ഫരീദ് അഹമ്മദാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ പക്കൽ നിന്നു ചൈനീസ് തോക്ക്, രണ്ട് മാഗസിനുകൾ, 14 വെടിയുണ്ടകൾ, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.