ഓക്സിജൻ വാഹനങ്ങളുടെ അന്തർസംസ്ഥാന യാത്രവിലക്ക് നീക്കി
text_fieldsന്യൂഡൽഹി: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സർക്കാർ ഒഴിവാക്കിയവ അല്ലാത്ത ഒരു വ്യവസായ ആവശ്യത്തിനും ഉത്തരവ് ഉണ്ടാകുന്നതു വരെ ഓക്സിജൻ വിതരണമില്ല.
ഓക്സിജൻ വാഹനങ്ങളുടെ അന്തർസംസ്ഥാന യാത്രവിലക്ക് നീക്കി. ഏതെങ്കിലും സംസ്ഥാനത്തേക്കു മാത്രമായി ഓക്സിജൻ നൽകുന്നത് പരിമിതപ്പെടുത്താനാവില്ല. ഓക്സിജൻ നിർമാതാക്കളും വിതരണക്കാരും അവരവരുടെ സംസ്ഥാനത്തിനു പുറത്തേക്ക് ഓക്സിജൻ വിതരണം ചെയ്താൽ നിയന്ത്രണം പാടില്ല.
ആശുപത്രികൾ കടുത്ത ഓക്സിജൻ ക്ഷാമം നേരിടുേമ്പാൾ യു.പി, ഹരിയാന സർക്കാറുകൾ ഓക്സിജൻ നീക്കം തടയുന്നുവെന്ന് ഡൽഹി സർക്കാർ പരാതിപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങൾ ഓക്സിജൻ ക്ഷാമത്തിലേക്ക് നീങ്ങിയതിനിടയിൽ, ഓക്സിജെൻറ അന്തർസംസ്ഥാന നീക്കത്തെച്ചൊല്ലി പല സംസ്ഥാന സർക്കാറുകളും തമ്മിൽ പോര് നടക്കുകയുമായിരുന്നു. ഫാക്ടറിയാണോ ജീവനാണോ വലുതെന്ന് ഡൽഹി ഹൈകോടതി കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാറിനോട് ചോദിച്ചത്. മോഷ്ടിച്ചോ കടം വാങ്ങിയോ വിലയ്ക്കു വാങ്ങിയോ ഓക്സിജൻ കൊണ്ടുവന്നേ തീരൂ എന്നും ഹൈകോടതി പറഞ്ഞു.
ഓക്സിജൻ ടാങ്കർ തടഞ്ഞാൽ ക്രിമിനൽ നടപടി –ഹൈകോടതി
ന്യൂഡൽഹി: ഡൽഹിക്ക് പൂർണതോതിൽ ഓക്സിജൻ നൽകാനും, ഓക്സിജൻ ടാങ്കറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും കേന്ദ്രസർക്കാറിന് ഹൈകോടതി നിർദേശം. ഓക്സിജൻ നീക്കത്തിന് ഹരിയാനയിലും മറ്റും തടസ്സമുണ്ടാക്കുന്നതിനാൽ കേന്ദ്രസേനയുടെ അകമ്പടിയോടെ ഓക്സിജൻ കൊണ്ടുവരണം. വേഗത്തിൽ എത്തിക്കാൻ കഴിയുന്ന വഴിയിലൂടെ കൊണ്ടുവരണം. ടാങ്കർ തടഞ്ഞാൽ ക്രിമിനൽ നടപടി. 480 മെട്രിക് ടൺ ആണ് ഡൽഹിക്കുള്ള ക്വോട്ട. അത് മുഴുവൻ കിട്ടുന്നുവെന്ന് കേന്ദ്രം ഉറപ്പു വരുത്തണം. ഈ നിർദേശം പാലിച്ചില്ലെങ്കിൽ അങ്ങേയറ്റം ഗൗരവത്തോടെ കാണും. വലിയ ജീവഹാനിക്ക് ഇടയാക്കും. ഓക്സിജെൻറ നീക്കം പ്രാദേശിക ഭരണകൂടങ്ങൾ തടയുന്ന സ്ഥിതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓക്സിജൻ അനുവദിച്ചാൽ തന്നെ, വഴി തടഞ്ഞാൽ കൊണ്ടുപോകാൻ കഴിയില്ല.
ആശുപത്രികളിൽ ചുരുങ്ങിയ മണിക്കൂറുകളിലേക്ക് മാത്രം ഓക്സിജൻ അവശേഷിക്കുന്ന സാഹചര്യം നിലനിൽക്കേയാണ് കോടതി നിർദേശം. അയൽപക്ക സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കേണ്ട ഓക്സിജൻ കിട്ടാതെ വന്നു. വഴിയിൽ തടഞ്ഞു നിർത്തി യു.പിയിലെയും ഹരിയാനയിലെയും ആശുപത്രികളിലേക്ക് തിരിച്ചു വിട്ടു. സംസ്ഥാനതലത്തിലെ സമ്മർദം മൂലം ഡൽഹിക്കുള്ള ഓക്സിജൻ, നിർമാണശാലകളിൽ നിന്ന് ഇറക്കാൻ പോലും കഴിയാത്ത സ്ഥിതി ഉണ്ടായി.
ഓക്സിജൻ കിട്ടാത്ത സ്ഥിതി വന്നതിനെ തുടർന്ന് നിരവധി ആശുപത്രികൾ കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രസർക്കാർ കടുത്ത വിമർശനമാണ് മൂന്നു ദിവസത്തെ വാദത്തിനിടയിൽ കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് പരിഭ്രാന്തി പടർത്തുകയാണ് ഡൽഹി സർക്കാർ ചെയ്യുന്നതെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

