മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
text_fieldsഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് സർക്കാർ ഇന്‍റർനെറ്റ് നിരോധിച്ചു. ശനിയാഴ്ച രാത്രി 11:45 ഓടെയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ഥൗബൽ, ബിഷ്ണുപൂർ, കാക്ചിങ് തുടങ്ങിയ അഞ്ച് ജില്ലകളെയാണ് നിരോധനം ബാധിക്കുന്നത്.
മെയ്‌തേയ് സംഘടനയായ അരംബായ് ടെങ്കോലിന്‍റെ നേതാവിനെ അറസ്റ്റ് ചെയ്തതതിനെതുടർന്നുള്ള പ്രദേശങ്ങളിലുണ്ടായ സംഘർഷത്തെതുടർന്നാണ് സർക്കാറിന്‍റെ നീക്കം. 2023 ലെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് മെയ്തി സംഘടന അരംബായി ടെങ്കോൾ നേതാവ് കനാൻ സിങ്ങിനെ ഇംഫാൽ വിമാനത്താവളത്തിൽനിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ തുടർന്ന് ദേഹത്ത് പെട്രോളൊഴിച്ച് യുവാക്കൾ ആത്മഹത്യ ഭീഷണിയുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാർ ഇംഫാൽ വിമാനത്താവള ഗേറ്റ് ഘെരാവോ ചെയ്യുകയും ബസ് കത്തിക്കുകയും ചെയ്തിരുന്നു. സാമൂഹിക വിരുദ്ധർ വിദ്വേഷ പരാമർശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് പ്രദേശങ്ങളിൽ പ്രകോപനമുണ്ടാക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി എൻ.അശോക് കുമാർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നിർദ്ദേശത്തിൽ മുന്നറിയിപ്പുണ്ട്. പൗരന്മാർ അധികാരികളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ഥൗബൽ, കാക്ചിങ് ജില്ലകളിൽ നാലോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിയന്ത്രിച്ചു. അതേസമയം ബിഷ്ണുപൂരിൽ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

