അസമിലും ഉത്തർപ്രദേശിലും മുസ്‌ലിംകൾക്കെതിരെ ആസൂത്രിത അതിക്രമമെന്ന് ആഗോള വിദഗ്ധർ
text_fieldsന്യൂഡൽഹി: അസമിലും ഉത്തർപ്രദേശിലും മുസ്‌ലിംകൾക്കെതിരെ ആസൂത്രിതമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് അന്താരാഷ്ട്ര നിയമവിദഗ്ധരുടെ റിപ്പോർട്ട്. ഇരു സംസ്ഥാനങ്ങളിലെയും ഇത്തരം നടപടികൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്നാണ് മൂന്ന് അന്താരാഷ്ട്ര നിയമവിദഗ്ധർ അടങ്ങുന്ന സ്വതന്ത്ര സമിതിയുടെ വിലയിരുത്തൽ. പൗരത്വം, താമസാവകാശം, പൊലീസ് നടപടി, വിദ്വേഷ പ്രസംഗം, മതപരമായ വിവേചനം എന്നിവ മൂലമാണ് ആശങ്ക നിലനിൽക്കുന്നത്.
സെർബിയയിലെ മനുഷ്യാവകാശ സംഘടനയായ ഹെൽസിങ്കി കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ സ്ഥാപക സോൻജ ബിസെർകോ, മ്യാൻമറിലെ യു.എൻ വസ്തുതാന്വേഷണ ദൗത്യത്തിന്റെ മുൻ അധ്യക്ഷനും ഇന്തോനേഷ്യയുടെ മുൻ അറ്റോർണി ജനറലുമായ മർസൂക്കി ദാറുസ്മാൻ, സിയറ ലിയോണിനായുള്ള പ്രത്യേക കോടതിയുടെ മുൻ ചീഫ് പ്രോസിക്യൂട്ടർ സ്റ്റീഫൻ റാപ്പ് എന്നിവരടങ്ങുന്ന പാനലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ലണ്ടനിലെ കിങ്സ് കോളജിലെ ട്രാൻസ്‌നാഷനൽ ലീഗൽ ക്ലിനിക്കാണ് 372 പേജുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2022 ജൂലൈ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിലെ സംഭവവികാസങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സമിതി വീണ്ടും അന്വേഷണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളുടെ പൗരത്വവും മറ്റും വ്യവസ്ഥാപിതമായി ഇല്ലാതാക്കാനുള്ള നീക്കങ്ങൾ വംശീയ വിവേചനത്തിന്റെ പരിധിയിൽ വരുമെന്നാണ് വിദഗ്ധരുടെ പ്രധാന നിരീക്ഷണം.
ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), പൗരത്വ ഭേദഗതി നിയമം (സി.എ.എ) പ്രകാരമുള്ള മതാടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ, കുടിയേറ്റക്കാരുടെ പദവി നിർണയിക്കുക, തടങ്കലിലാക്കുക, നാടുകടത്തുക തുടങ്ങിയവ അനുവദിക്കുന്ന പുതിയ സർക്കാർ നടപടിക്രമങ്ങൾ എന്നിവ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കണക്കുകൾ പ്രകാരം 2025 മേയ് മുതൽ 2026 വരെ കുറഞ്ഞത് 2,450 പേരെ അസമിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും റോഹിങ്ക്യൻ അഭയാർഥികളുമാണ് ഇതിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. സമാന സാഹചര്യത്തിലുള്ള രേഖകളില്ലാത്ത അമുസ്‌ലിം കുടിയേറ്റക്കാർക്കെതിരെ ഇതേ രീതിയിലുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നതും ആശങ്കാവഹമാണ്.
ഏകദേശം 93,000 പേർ ഇപ്പോഴും സംശയാസ്പദ വോട്ടർമാരായി തുടരുന്നുവെന്നും ഇതുവഴി അവർക്ക് വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന മദ്റസകൾ നിർത്തലാക്കിയതോടെ ഏകദേശം 98,000 വിദ്യാർഥികളെ ബാധിച്ചു.
അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ചില പ്രസ്താവനകളും റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നുണ്ട്. 'നുഴഞ്ഞുകയറ്റക്കാർ'ക്കെതിരായ നടപടികളെക്കുറിച്ചും 'മിയ' മുസ്‌ലിംകളെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യാനുള്ള നോട്ടീസുകൾ നൽകിയതിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ വംശീയ ഉന്മൂലനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, വംശഹത്യ നടത്താനുള്ള പ്രത്യേക ഉദ്ദേശ്യം തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിൽ പൊലീസ് നടത്തുന്ന 'ഹാഫ് എൻകൗണ്ടറുകൾ' മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. ഈ നടപടികളിൽ 2024ൽ മാത്രം കുറഞ്ഞത് 56 മുസ്‌ലിംകൾക്കും രണ്ട് ഹിന്ദുക്കൾക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും കാൽമുട്ടിലോ കാലിലോ വെടിയേറ്റിരുന്നു. 2024 നവംബറിൽ സംഭാലിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് വെടിവെച്ചതിൽ അഞ്ച് മുസ്‌ലിംകൾ കൊല്ലപ്പെട്ട സംഭവവും 2022നുശേഷം ഹിന്ദുത്വ തീവ്രവാദികൾ നടത്തിയതായി ആരോപിക്കപ്പെടുന്ന കുറഞ്ഞത് 15 മുസ്‌ലിം കൊലപാതകങ്ങളും റിപ്പോർട്ട് പരിശോധിച്ചിട്ടുണ്ട്.
'ഐ ലവ് മുഹമ്മദ്' കാമ്പയിനുമായി ബന്ധപ്പെട്ട് 2025 സെപ്റ്റംബറിൽ യു.പിയിൽ നടന്ന നടപടികളും റിപ്പോർട്ട് പരാമർശിക്കുന്നു. ഇതിന്റെ ഭാഗമായി കൂട്ടത്തോടെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യൽ, പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കൽ, ഇന്റർനെറ്റ് നിയന്ത്രണം, കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ തുടങ്ങിയ നടപടികൾ ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയിൽ ഹിന്ദു സംഘടനകൾ നടത്തിയ മതപരമായ പൊതുപരിപാടികൾക്കെതിരെ ഇതേ രീതിയിലുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

