ഇന്ത്യയിൽ ആഭ്യന്തര പലായനം അഞ്ചു ലക്ഷം
text_fieldsന്യൂഡൽഹി: ആഭ്യന്തരസംഘർഷവും കലാപവും മൂലം കഴിഞ്ഞവർഷം ഇന്ത്യയിൽ 4.48 ലക്ഷം പേർ സ്വന്തം മണ്ണിൽ നിന്ന് പലായനം ചെയ്തതായി അന്താരാഷ്ട്രപഠനറിപ്പോർട്ട്. ഇന്ത്യയിൽ ആഭ്യന്തരമായി കുടിയൊഴിയേണ്ടിവന്നവർ എട്ടു ലക്ഷത്തോളമാണെന്ന് പഠനം വെളിപ്പെടുത്തി. ആഭ്യന്തരപലായന നിരീക്ഷണകേന്ദ്രവും നോർവീജിയൻ അഭയാർഥി കൗൺസിലും ചേർന്നാണ് പഠനറിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്. നഗരങ്ങളിലും ഗ്രാമങ്ങളിലും കഴിയുന്നവർ, വിവിധ സാമൂഹികവിഭാഗങ്ങൾ എന്നിവർക്കിടയിൽ അസമത്വം വർധിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തികവളർച്ചയും സാമൂഹികപരിരക്ഷസംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ വിശദീകരിച്ചു.
ജമ്മു-കശ്മീരിലും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രാബല്യത്തിലിരിക്കുന്ന സായുധസേന പ്രത്യേകാധികാര നിയമം, കുടിയൊഴിയുന്നതിെൻറ മൂലകാരണങ്ങളിലൊന്നാണ്. നിയമത്തിെൻറ മറവിൽ നടക്കുന്ന ബലപ്രയോഗങ്ങൾ കടുത്ത മനുഷ്യാവകാശലംഘനങ്ങളിലേക്ക് നയിക്കുന്നു; പലായനത്തിന് നിർബന്ധിതമാക്കപ്പെടുന്നു.
ജമ്മു-കശ്മീരിൽ തീവ്രവാദികളും ഭരണകൂടവുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. നാഗാലാൻഡിലെയും അസമിലെയും മുന്നേറ്റങ്ങളും സംഘർഷഭരിതമായി മുന്നോട്ടു പോവുകയാണ്. സ്വത്വസ്വാതന്ത്ര്യത്തിെൻറ പേരിലുള്ള പോരാട്ടങ്ങൾ ചില സംസ്ഥാനങ്ങളിൽ കുടിയൊഴിക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കുന്നു. ഗുജറാത്ത് കലാപം കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥിതി വരുത്തിവെച്ചു. ബിഹാറിലും യു.പിയിലും ജാതീയമായ സംഘർഷങ്ങളും പലായനത്തിലേക്ക് നയിക്കുന്നു. രാജ്യത്തിെൻറ സാമ്പത്തികവളർച്ചയുടെ നേട്ടം പാവെപ്പട്ട വിഭാഗങ്ങൾക്ക് കിട്ടാതെ വരുന്നു. ഭൂമിക്കും വിഭവങ്ങൾക്കും വേണ്ടിയുള്ള വംശീയവും സാമുദായികവുമായ സംഘർഷങ്ങൾക്ക് ഇത് ആക്കം കൂട്ടുന്നു.
സ്വകാര്യനിക്ഷേപകർക്കുവേണ്ടി സർക്കാർ നടത്തുന്ന ഭൂമി ഏറ്റെടുക്കലുകൾ മൂലമുള്ള കുടിയൊഴിപ്പിക്കലുകൾ പുറമെ. വികസനപദ്ധതികൾക്കുവേണ്ടി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നത് പലപ്പോഴും പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ വകവെക്കാതെയാണ്. അതുദോഷകരമായി ബാധിക്കുന്ന ജനവിഭാഗങ്ങളുമായി കൂടിയാലോചനകൾ നടക്കുന്നില്ല. മതിയായ നഷ്ടപരിഹാരം കൊടുക്കുന്നില്ല. ഇത്തരം വിഷയങ്ങൾ സംഘർഷത്തിലേക്ക് നയിക്കുന്നു.
കുടിയൊഴിയേണ്ടി വന്നവരിൽ പകുതിയും ജമ്മു-കശ്മീർ, അസം എന്നിവിടങ്ങളിലാണ്. കശ്മീരിൽ 1990 മുതൽ അത്തരം പലായനം നടക്കുന്നു. അസമിൽ ഇൗ പ്രവണത വർധിച്ചത് 2014 മുതലാണ്. ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, നാഗാലാൻഡ്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആഭ്യന്തരപലായനത്തിന് ഇരയായവരുണ്ട്. സംഘർഷവും അരക്ഷിതാവസ്ഥയും തുടരുന്നത്, അവരുടെ തിരിച്ചുപോക്ക് പ്രയാസകരമാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
