സംഘടനകളുടെ പ്രതിഷേധം; ഹിന്ദു-മുസ്ലിം നവ ദമ്പതികളുടെ വിവാഹ റിസപ്ഷൻ റദ്ദാക്കി
text_fieldsമുംബൈ: അടുത്തിടെ വിവാഹിതരായ ഹിന്ദു - മുസ്‍ലിം ദമ്പതികളുടെ വിവാഹ റിസപ്ഷൻ നാട്ടിലെ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി. ഡൽഹിയിലെ ശ്രദ്ധ വാൽക്കറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദു -മുസ്‍ലിം വിവാഹത്തിനെതിരായ പ്രതിഷേധം.
ശ്രദ്ധ വാൽക്കറിനെ കൊന്നകേസിൽ ലിവ് ഇൻ പങ്കാളി അഫ്താബ് പൂനെവാലയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രദ്ധ വാൽക്കർ മുംബൈയിലെ പൽഘാറിലുള്ള വസായ് സ്വദേശിയാണ്.
വസായിയിലെ ഹാളിൽ ഞായറാഴ്ച വൈകീട്ടായിരുന്നു ഹിന്ദു-മുസ്‍ലിം ദമ്പതികളുടെ വിവാഹ റിസപ്ഷൻ നടക്കേണ്ടിയിരുന്നത്. എന്നാൽ ഒരു ന്യൂസ് ചാനൽ എഡിറ്റർ വെള്ളിയാഴ്ച രാവിലെ റിസപ്ഷൻ ക്ഷണക്കത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ശ്രദ്ധ വാൽക്കറിന്റെ മരണവുമായി ഇതിനെ ബന്ധിപ്പിച്ച് ലവ് ജിഹാദ്, ആക്ട്ഓഫ്ടെററിസം എന്നീ ഹാഷ് ടാഗുകളും ഉപയോഗിച്ചു. ഈ ട്വീറ്റ് വൈറലായതോടെ പ്രദേശത്തെ, ഹിന്ദു, മുസ്‍ലിം സംഘടനകളുടെ നേതാക്കൾ ഹാൾ ഉടമയെ വിളിച്ച് വിവാഹ റിസപ്ഷൻ റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രദേശത്തെ സമാധാനം നിലനിർത്താൻ അത് ആവശ്യമാണെന്നും സംഘടനകൾ പറഞ്ഞു.
ദമ്പതികളുടെ കുടുംബം ശനിയാഴ്ച മാണിക്പൂർ പൊലീസ് സ്റ്റേഷനിലെത്തി റിസപ്ഷൻ റദ്ദാക്കിയ വിവരം അറിയിച്ചു. 29 കാരിയായ ഹിന്ദു യുവതിയും 32 കാരനായ മുസ്‍ലിം യുവാവുമാണ് വിവാഹിതരായത്. കഴിഞ്ഞ 11 വർഷമായി പരസ്പരം അറിയുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇരുകുടുംബങ്ങളുടെയും സമ്മത പ്രകാരമാണ് വിവാഹം നടന്നത്. നവംബർ 17 ന് ഇവരുടെ രജിസ്റ്റർ വിവാഹം നടന്നിരുന്നു. 200 ഓളം അതിഥികളെയായിരുന്നു റിസപ്ഷന് പ്രതീക്ഷിച്ചിരുന്നതെന്നും പെലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

