തമിഴ്നാട്ടിൽ എൻ.ഡി.എ സഖ്യം വിപുലീകരിക്കാൻ തീവ്രശ്രമം; മോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഇന്ന്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ പ്രാദേശിക ഘടകകക്ഷികളെ ഉൾപ്പെടുത്തി ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിപുലീകരിക്കാൻ തീവ്രശ്രമം. സംസ്ഥാനത്തെ എൻ.ഡി.എ ഘടകകക്ഷി നേതാക്കളെ അണിനിരത്തി വെള്ളിയാഴ്ച വൈകീട്ട് ചെന്നൈക്കടുത്ത ചെങ്കൽപ്പട്ട് മധുരാന്തകത്ത് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി പങ്കെടുക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിയാണിത്.
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി വിവിധ കക്ഷികളെ എൻ.ഡി.എയിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി ചെന്നൈയിൽ ക്യാമ്പ് ചെയ്ത് ചർച്ചകൾ നടത്തിവരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മുൻ കേന്ദ്രമന്ത്രി അൻപുമണി രാമദാസിന്റെ നേതൃത്വത്തിലുള്ള പാട്ടാളി മക്കൾ കക്ഷി (പി.എം.കെ), ടി.ടി.വി. ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) എന്നിവയെ എൻ.ഡി.എയിലെത്തിക്കാൻ കഴിഞ്ഞത് നേട്ടമാണ്.
എടപ്പാടി പളനിസാമിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്തുവന്ന് ടി.ടി.വി. ദിനകരൻ എ.എം.എം.കെ രൂപവത്കരിച്ചത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ബി.ജെ.പി ദിനകരനെ വരുതിയിലാക്കിയതെന്നും പറയപ്പെടുന്നു. അൻപുമണി, പിതാവ് ഡോ. രാമദാസ് എന്നിവരുടെ നേതൃത്വത്തിൽ പി.എം.കെ പിളർന്ന നിലയിലാണ്. ഇതിൽ അൻപുമണി വിഭാഗം മാത്രമാണ് എൻ.ഡി.എയിൽ ചേർന്നത്. രാമദാസ് വിഭാഗം എൻ.ഡി.എയിൽ ചേരില്ലെന്നാണ് സൂചന.
നിലവിൽ എൻ.ഡി.എ സഖ്യത്തിൽ എടപ്പാടി പളനിസാമി നയിക്കുന്ന അണ്ണാ ഡി.എം.കെ, അൻപുമണി രാമദാസിന്റെ പി.എം.കെ, ടി.ടി.വി. ദിനകരന്റെ എ.എം.എം.കെ, ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസ്, എ.സി. ഷൺമുഖം, പാരിവേന്ദർ, ജോൺ പാണ്ഡ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ചെറു സംഘടനകൾ എന്നിവയാണുള്ളത്. മുൻ മുഖ്യമന്ത്രി ഒ. പന്നീർശെൽവത്തിന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ വിമത വിഭാഗം, പ്രേമലത വിജയ്കാന്ത് നയിക്കുന്ന ഡി.എം.ഡി.കെ എന്നിവയെ കൂടി എൻ.ഡി.എയിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

