ഇന്‍റലിജൻസ് സംവിധാനത്തിന് വീഴ്ച പറ്റി, പക്ഷേ അതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത് -ശശി തരൂർ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യത്തെ ഇന്‍റലിജൻസ് സംവിധാനത്തിന് വീഴ്ച പറ്റിയെന്നും എന്നാൽ അതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. പരാജയം ഉണ്ടായെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ അതല്ല ചർച്ച ചെയ്യേണ്ടത് -തരൂർ പ്രതികരിച്ചു.
ഗുരുതര ഇന്‍റലിജൻസ്, സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ കോൺഗ്രസ് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനമുയർത്തുമ്പോൾ ആണ് ശശി തരൂർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
തീർച്ചയായും കുറ്റമറ്റതായ ഇന്‍റലിജൻസ് സംവിധാനം എന്ന ഒന്നില്ല. ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനം ഉള്ളതായി കണക്കാക്കപ്പെടുന്ന ഇസ്രായേലിന്റെ ഉദാഹരണം നമുക്കുണ്ട് - ഒക്ടോബർ 7ലെ ആക്രമണം അപ്രതീക്ഷിതിമായിരുന്നു. യുദ്ധം അവസാനിക്കുന്നതുവരെ ഇസ്രായേൽ കാത്തിരിക്കുന്നതുപോലെ, ഇപ്പോഴത്തെ പ്രതിസന്ധിയും നമ്മൾ കാണണം. എന്നിട്ടാണ് സർക്കാറിനെ കുറ്റപ്പെടുത്തേണ്ടത് -തരൂർ പറഞ്ഞു.
പരാജയപ്പെടുത്തിയ ഭീകരാക്രമണ ഭീഷണികളെക്കുറിച്ച് നമ്മൾ ഒരിക്കലും അറിയില്ലെന്നും പരാജയപ്പെട്ടവയെക്കുറിച്ച് മാത്രമേ നമ്മൾ കേൾക്കൂവെന്നും അദ്ദേഹം പറഞ്ഞു. പരാജയം ഉണ്ടായെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ അതല്ല ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

