50 ലക്ഷം വരെയുള്ള പോളിസികൾ തർക്കങ്ങൾ പരിഹരിക്കാൻ വരുന്നു, ഇൻഷുറൻസ് ഓംബുഡ്സ്മാൻ
text_fieldsകൊച്ചി: ഇൻഷുറൻസ് പോളിസി എടുത്തവരുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും ഓംബുഡ്സ്മാൻ വരുന്നു. ഇൻഷുറൻസ് കമ്പനികൾ സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) നിർദേശിച്ചു. ഇതിന്റെ കരട് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച അതോറിറ്റി, പോളിസി ഉടമകൾ ഉൾപ്പെടെ എല്ലാവരിൽനിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. www.irdai.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് മാർഗനിർദേശങ്ങളിൽ അടുത്തമാസം 17ന് വൈകീട്ട് അഞ്ച് വരെ നിർദേശം സമർപ്പിക്കാം.
ഇൻഷുറൻസ് ക്ലെയിമുകൾ സംബന്ധിച്ച പരാതികൾ കൂടിവരുന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ ഇടപെടൽ. പരിഹരിക്കപ്പെടാതെ കിടക്കുന്നതും നീണ്ടുപോകുന്നതുമായ തർക്കങ്ങളിൽ പോളിസി ഉടമകൾക്ക് സമയബന്ധിതമായി നീതിപൂർവവും സുതാര്യവുമായ പരിഹാരം ലഭ്യമാക്കുകയാണ് ഓംബുഡ്സ്മാൻ രൂപവത്കരണം വഴി ഉദ്ദേശിക്കുന്നത്. മൂന്ന് വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾ സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കണം.
ഒന്നിലധികം പേരെയും നിയമിക്കാം. 50 ലക്ഷം രൂപ വരെയുള്ള പോളിസികൾ സംബന്ധിച്ച പരാതികളാണ് ഓംബുഡ്സ്മാന്റെ പരിധിയിൽ വരിക. ഓംബുഡ്സ്മാന്റെ അധികാരപരിധിയും വേതനഘടനയും മറ്റും കൃത്യമായി നിശ്ചയിക്കണം. ഓംബുഡ്സ്മാന്റെ മുന്നിൽ വരുന്ന പരാതികളും പരിഹാര നടപടികളും ഇൻഷുറൻസ് കമ്പനിയുടെ ബോർഡിനോ അതിന്റെ ‘പോളിസി ഉടമ സംരക്ഷണ, തർക്കപരിഹാര, ക്ലെയിം അവലോനക കമ്മിറ്റി’ക്കോ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. ഭരണപരമായ വിഷയങ്ങൾ കമ്പനി എം.ഡി-സി.ഇ.ഒക്ക് റിപ്പോർട്ട് ചെയ്യണം.
ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും പരമാവധി കുറച്ച് കൊണ്ടുവരാൻ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ് ഓംബുഡ്സ്മാൻ രൂപവത്കരണമെന്നും അതോറിറ്റി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

