‘യുവ വനിതാ ഡോക്ടറുടെ ആത്മഹത്യ വ്യവസ്ഥാപിത കൊലപാതകമെന്ന്’ രാഹുൽ ഗാന്ധി
text_fieldsഡോക്ടറുടെ ആത്മഹത്യ വ്യവസ്ഥാപിത കൊലപാതകമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേസിലെ കുറ്റാരോപിതനായ പൊലീസുകാരനെ തങ്ങളുടെ അധികാരം ഉപയോഗിച്ച് രക്ഷിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ജനങ്ങൾക്ക് സേവനം ചെയ്യാൻ ആഗ്രഹിച്ച ഡോക്ടറാണ് അഴിമതി നിറഞ്ഞ സംവിധാനത്തിലും അധികാര ഘടനയിലും കുടുങ്ങിയ കുറ്റവാളികളുടെ ക്രൂരകൃത്യത്തിന് ഇരയായത്. കുറ്റവാളികളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ നിരപരാധിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് ചൂഷണത്തിന് ഇരയാക്കി. സംഭവത്തിൽ ബി.ജെ.പിയുമായി ബന്ധപ്പെട്ട വ്യക്തികൾ ഡോക്ടർക്ക് മേൽ സമ്മർദം ചെലുത്തി സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഡോക്ടറുടെ മരണത്തിലൂടെ ബി.ജെ.പി സർക്കാരിന്റെ മനുഷ്യത്വരഹിതവും നിഗൂഢവുമായ മുഖമാണ് വെളിപ്പെട്ടതെന്നും ഡോക്ടർക്ക് നീതി ലഭിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഇരയുടെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും ഇനിയങ്ങോട്ട് ഇന്ത്യയിലെ പെൺകുട്ടികൾക്ക് ഭയമല്ല നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന 29വയസുള്ള ഡോക്ടർ ജീവനൊടുക്കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവർ നിരവധി തവണ ബലാത്സംഗത്തിനിരയാക്കപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വിവരമാണ് മരണത്തിന് പിന്നാലെ പുറത്തുവന്നിരിക്കുന്നത്.
കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പെഴുതിവെച്ചായിരുന്നു ഡോക്ടറുടെ മരണം. ഇവരെ നാലുതവണ ബലാത്സംഗത്തിനിരയാക്കിയ എസ്.ഐ ഗോപാൽ ബഡ്നെയാണ് തന്‍റെ മരണത്തിന് കാരണക്കാരനെന്ന് കുറിപ്പിൽ പറയുന്നു. അതുപോലെ വീട്ടുടമസ്ഥന്റെ മകനായ പ്രശാന്ത് ബങ്കറിൽ നിന്നും നിരന്തരം ശാരീരിക മാനസിക പീഡനത്തിനിരയായിരുന്നുവെന്നും ഡോക്ടറുടെ ആത്മഹത്യ കുറിപ്പിലുണ്ട്. പൊലീസുദ്യോഗസ്ഥനെയും പ്രശാന്ത് ബങ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

