മൊബൈൽ ആപ്പുവഴി ഇൻസ്റ്റന്‍റ് ലോൺ നൽകി തട്ടിപ്പ്; ചൈനീസ് പൗരൻ ഉൾപ്പടെ പിടിയിൽ
text_fieldsഹൈദരാബാദ്: മൊബൈൽ ആപ്പുവഴി ഇൻസ്റ്റന്‍റ് ലോൺ നൽകി തട്ടിപ്പുനടത്തിയ സംഭവത്തിൽ ചൈനീസ് പൗരൻ ഉൾപ്പടെ പിടിയിൽ. 30 മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ വഴി നടത്തിയ കോടിക്കണക്കിന് രൂപയുടെ വായ്പ തട്ടിപ്പു കേസിൽ ഇതുവരെ 16 പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേകേസിൽ സൈബരാബാദ് പോലീസ് ആറുപേരേയും പിടികൂടി. അമിതമായ പലിശ നിരക്കിൽ വ്യക്തികൾക്ക് തൽക്ഷണ വായ്പ നൽകുകയാണ് തട്ടിപ്പുകാർ ചെയ്തിരുന്നത്. മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചായിരുന്നു ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്.
വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതിൽ ആരെങ്കിലും പരാജയപ്പെട്ടാൽ പ്രതികൾ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. അത്തരം വായ്പക്കാരിൽ നിന്ന് കുറഞ്ഞത് 90 പരാതികളെങ്കിലും ലഭിച്ചതായി തെലങ്കാന പോലീസ് അറിയിച്ചു. കൊള്ളപ്പലിശക്കാർ പണമിടപാടുകാരെ ദിവസങ്ങളോളം ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. പീഢനങ്ങളെ തുടർന്ന് മൂന്നുപേർ ആത്മഹത്യ ചെയ്തിരുന്നു. 'എഫ്ഐആർ ഫയൽ ചെയ്യുമെന്നും ബാങ്ക് അകൗണ്ട് പൂട്ടിക്കുമെന്നും അപകീർത്തിപ്പെടുത്തുമെന്നും അവർ ഭീഷണിപ്പെടുത്തി. അവൻ എപ്പോഴും വിഷമിച്ചിരുന്നു. ഒരു വായ്പ തിരിച്ചടയ്ക്കാൻ മറ്റൊരു വായ്പയെടുത്ത് അവസാനം രണ്ട് ലക്ഷം രൂപയുടെ കടത്തിൽ കലാശിക്കുകയായിരുന്നു' -ഡിസംബർ 16ന് ആത്മഹത്യ ചെയ്ത സുനിലിന്‍റെ ഭാര്യ രമ്യ പറഞ്ഞു.
നാല് കമ്പനികളെ പ്രതിനിധീകരിച്ച് നടത്തിയ കോൾ സെന്‍ററുകളിലൂടെയാണ് റാക്കറ്റ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ കോൾ സെന്‍ററുകളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പരിശീലനം ലഭിച്ച നൂറുകണക്കിന് ചെറുപ്പക്കാരെ നിയമിക്കുകയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴി തുടർച്ചയായ തുകകൾ കടമെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുകയായിരുന്നു. കടം വാങ്ങിയ പണവും പലിശയും വീണ്ടെടുക്കുന്നതിനായി ഇരകളെ ദുരുപയോഗം ചെയ്യുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും ബ്ലാക്ക് മെയിൽ ചെയ്യുന്നതിനും ജീവനക്കാർക്ക് പരിശീലനം നൽകിയിരുന്നതായും പോലീസ് പറഞ്ഞു. ഹൈദരാബാദിലും ഗുരുഗ്രാമിലും നിരവധി കോൾ സെന്‍ററുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു.
ഇത്തരത്തിലുള്ള മൂന്ന് കോൾ സെന്ററുകളിൽ ആയിരത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 10,000 മുതൽ 15,000 രൂപ വരെ വരുമാനം നേടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഹൈദരാബാദിലെയും ഗുരുഗ്രാമിലെയും കോൾ സെന്ററുകളിൽ അധികൃതർ ഒന്നിലധികം റെയ്ഡുകൾ നടത്തി. സംഭവത്തിൽ ഡിസംബർ 23ന് 11 പേരെ അറസ്റ്റ് ചെയ്തുിരുന്നു. ബുധനാഴ്ച 27 കാരനായ ലാേമ്പാ എന്ന് പേരുള്ള
ചൈനീസ് പൗരനെ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

