‘പോക്സോ ചുമത്തിയില്ല, കുടുംബത്തിന് ഭീഷണി, പൊലീസിന് നിസ്സംഗത’; യു.പിയിൽ നാലുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അധികൃതർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. അധികൃതരുടെ നിസ്സംഗതക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച കോടതി അടുത്ത ആഴ്ച കേസ് റെക്കോഡുമായി പൊലീസ് കമ്മീഷണറോടും അന്വേഷണ ഉദ്യോഗസ്ഥനോടും ഹാജരാകാനും നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
പെൺകുട്ടിയുടെ പിതാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കോടതിയുടെ നിർദേശം.
മാർച്ച് 16നാണ് പെൺകുട്ടിയെ ചോക്ലറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി അയൽവാസി കൂട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ നൽകാൻ അവർ തയാറായില്ല. തുടർന്ന് ഗാസിയാബാദ് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. രണ്ട് സ്വകാര്യ ആശുപത്രികളുടെയും ലോക്കൽ പൊലീസിന്റെയും നിസ്സംഗതയും വിവേകശൂന്യമായ സമീപനവും ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബം ഉടൻതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി സ്വീകരിക്കുന്നതിന് പകരം തങ്ങളെ ശാരീരികമായി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പ്രതിഷേധം ഉയർന്നതോടെ മാർച്ച് 17നാണ് പൊലീസ് കേസ് ഫയൽ ചെയ്തത്. മാർച്ച് 18ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ പ്രതിക്കെതിരെ പോക്സോ, ബലാത്സംഗക്കുറ്റം തുടങ്ങിയവ പൊലീസ് ചുമത്തിയിരുന്നില്ല. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളുള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞെങ്കിലും ഒരു സാധാരണ കൊലപാതകമായി മാത്രമാണ് പൊലീസ് ഈ കേസ് അന്വേഷിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.
കേസ് പിൻവലിക്കാൻ എല്ലാ ദിവസവും പെൺകുട്ടിയുടെ പിതാവിനോട് ആവശ്യപ്പെടുന്നതായും പിതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കേസിലെ ഹരജിക്കാരനോ സാക്ഷികൾക്കോ എതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
കോടതിയുടെ മേൽനോട്ടത്തിൽ, ഒരു കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും, ഗാസിയാബാദ് പൊലീസ് കമീഷണറും നന്ദഗ്രാം പൊലീസ് എസ്.എച്ച്.ഒയും ഹാജരാകണമെന്നും ഇരക്ക് പ്രവേശനം നിഷേധിച്ച സ്വകാര്യ ആശുപത്രികൾക്കും നോട്ടീസ് നൽകണമെന്നും കോടതി പറഞ്ഞു. പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അധികാരികളോടും ആശുപത്രികളോടും സുപ്രീം കോടതി നിർദ്ദേശിച്ചു. കേസിൽ തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

