യുദ്ധക്കപ്പലിൽ നിന്ന് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന; പാകിസ്താനുള്ള മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് നാവികസേന. കടലിനു മുകളില്‍ ശത്രുവിമാനത്തെയോ മിസൈലിനേയോ ആക്രമിച്ച് തകർക്കുന്ന ‘സീ സ്കിമ്മിങ്’ പരീക്ഷണമാണ് നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ നാവികസേന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്് പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികൾ കൈക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് മിസൈൽ വിക്ഷേപണം.
ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തുന്നതാണ് ഐ.എൻ.എസ് സൂറത്തിൽ നിന്നുള്ള മിസൈൽ വിക്ഷേപണമെന്ന് നാവികസേന പറഞ്ഞു. 7400 ടൺ കേവ് ഭാരമുള്ള കപ്പലാണ് സൂറത്ത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന യുദ്ധക്കപ്പൽകൂടിയാണ് ഐ.എൻ.എസ്. സൂറത്ത്.
കടലിനു മുകളില്‍ 70 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യത്തെയാണ് ഐ.എൻ.എസ്. സൂറത്തിൽ നിന്നുള്ള മിസൈൽ കൃത്യമായി തകർത്തത്.
കറാച്ചിയിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തുമെന്ന് പാക്കിസ്താൻ പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയുടെ പരീക്ഷണം. ഏപ്രില്‍ 24, 25 തിയതികളില്‍ കറാച്ചി തീരത്ത് നിന്ന് കരയിലേക്ക് മിസൈല്‍ പരീക്ഷണം നടത്തുമെന്നായിരുന്നു പാകിസ്താന്‍റെ വിജ്ഞാപനം. ഇന്ത്യ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതിനാണ് മിസൈൽവേധ മിസൈൽ തൊടുത്ത് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

