നിഷ്‍കളങ്കനായ ഒരു മുത്തശ്ശന്റെ കുസൃതി -ദലൈലാമയുടെ പ്രവൃത്തിയെ കുറിച്ച് തിബറ്റ്
text_fieldsതിബറ്റൻ ആത്മീയ നേതാവ് പ്രായപൂർത്തിയാകാത്ത ബാലന്റെ ചുണ്ടിൽ ചുംബിച്ച സംഭവം വിവാദങ്ങൾക്കു കാരണമായിരുന്നു. എന്നാൽ സംഭവത്തെ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് സെൻട്രൽ തിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ്.
തെറ്റായ സന്ദേശം നൽകുന്ന രീതിയിൽ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് തിബറ്റൻ സമൂഹത്തെ വേദനിപ്പിച്ചു. ചൈനക്ക് ഒപ്പം നിൽക്കുന്ന ചിലരാണ് ദലൈലാമയുടെ ചിത്രം മോശമായ രീതിയിൽ പ്രചരിപ്പിച്ചതെന്നും പെപ്ന സെറിങ് പറഞ്ഞു.
അനുഗ്രഹം വാങ്ങാനെത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിച്ച ദലൈലാമ കുട്ടിയോട് നാവ് പുറത്തേക്കിട്ട് തന്റെ നാവിൽ നക്കാനും ആവശ്യപ്പെടുന്നുണ്ട് വിഡിയോയിൽ. വിഡിയോക്കെതിരെ വ്യാപക പ്രതിഷേധമുയർന്നപ്പോൾ ദലൈലാമ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും മാപ്പ് പറഞ്ഞിരുന്നു. സമാധാനവും സന്തോഷവും നിറക്കുന്നവരെ പിന്തുടരണമെന്നും ആളുകളെ കൊല്ലുന്നവരുമായി കൂട്ടുകൂടരുതെന്നുമാണ് ദലൈലാമ ബാലനോട് പറഞ്ഞത്.
അദ്ദേഹത്തിന്റെ പ്രവൃത്തി നിഷ്‍കളങ്കനായ ഒരു മുത്തശ്ശന്റെ ചെയ്തിയായി കണ്ടാൽ മതിയെന്നും സെറിങ് പറഞ്ഞു. ഈ ചിത്രം പ്രചരിപ്പിച്ചതു വഴി ആരാണ് നേട്ടമുണ്ടാക്കിയതെന്ന് വിശദീകരിക്കേണ്ടതില്ല. കറപറ്റാത്ത ജീവിതമാണ് ദലൈലാമ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.