ബംഗളൂരു: പ്രസവ ശസ്ത്രക്രിയക്കിടെ ശിശുവിന് മുറിവ്; അണുബാധയെത്തുടർന്ന് മരിച്ചു
text_fieldsബംഗളൂരു: ദാവണഗരെയില്‍ ചിഗതേരി ജില്ല ആശുപത്രിയിൽ നവജാത ശിശു മരിച്ചു. കഴിഞ്ഞ മാസം 27നായിരുന്നു പ്രസവത്തിനായി ദാവണഗരെ കൊണ്ടജ്ജി റോഡിലെ അർജുന്റെ ഭാര്യ അമൃതയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നതിനാല്‍ സിസേറിയൻ വേണമെന്ന് ഡോക്ടർ നിർദേശിച്ചു.
സി-സെക്ഷൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞിന്റെ മലാശയത്തിന് മുറിവേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ബാപുജി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മാസം 30ന് കുഞ്ഞിന്റെ മലാശയത്തില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും മുറിവിലേറ്റ അണുബാധമൂലം കുട്ടി മരിക്കുകയായിരുന്നു. ജില്ല ആശുപത്രിയിലെ ഡോ. നിസാമുദ്ദീനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഡോക്ടറുടെ പിശകാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മറുപടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സർജൻ കെ.ബി. നാഗേന്ദ്രപ്പ പറഞ്ഞു.

