Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന് സ്ഥിര ജാമ്യം; ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രവർത്തകയുടെ പിതാവിനെ ആക്രമിച്ച കേസിലാണ് കോടതി ഉത്തരവ്

text_fields
bookmark_border
ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന് സ്ഥിര ജാമ്യം; ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രവർത്തകയുടെ പിതാവിനെ ആക്രമിച്ച കേസിലാണ് കോടതി ഉത്തരവ്
cancel

ന്യൂഡൽഹി: ജന്തർ മന്തറിൽ ജൂൺ 23ന് നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ വിദ്യാർഥി പ്രവർത്തകയുടെ പിതാവ് സഞ്ജയ് ആസാദിനെ ആക്രമിച്ചെന്ന കേസിൽ സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന് സ്ഥിര ജാമ്യം. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എസ്.സി/എസ്.ടി ആക്ട് ജഡ്ജി എസ്.പി.എസ്. ലാലറാണ് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.

നേരത്തെ അനുവദിച്ച മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യത്തിലെ വ്യവസ്ഥകളൊന്നും ഭരദ്വാജ് ലംഘിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.

സെപ്റ്റംബർ 15നാണ് ഭരദ്വാജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രസ്താവനകളോ വീഡിയോകളോ പോഡ്കാസ്റ്റുകളോ അഭിമുഖങ്ങളോ റീലുകളോ പോസ്റ്റുകളോ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു പ്രധാന വ്യവസ്ഥ. പരാതിക്കാരനായ സഞ്ജയ് ആസാദുമായോ പ്രായപൂർത്തിയാകാത്ത മകളുമായോ കുടുംബാംഗങ്ങളുമായോ സാക്ഷികളുമായോ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടരുതെന്നും കോടതി നിർദേശിച്ചിരുന്നു.

ജാമ്യം ലഭിച്ചതിന് പിന്നാലെയുള്ള ആഘോഷങ്ങൾ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ഹരിയാനയിൽ കൊലക്കേസ് പ്രതി ജാമ്യം ലഭിച്ചതിന് പിന്നാലെ വിജയഘോഷയാത്ര നടത്തിയ സംഭവത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും കോടതി പരാമർശിച്ചു.

പത്ത് ദിവസത്തിലേറെ കസ്റ്റഡിയിൽ കഴിഞ്ഞത് മതിയായ കാലയളവാണെന്നും കസ്റ്റഡി ചോദ്യം ചെയ്യൽ പൂർത്തിയായെന്നും കോടതി വിലയിരുത്തി. ചുമത്തിയിരിക്കുന്ന കുറ്റത്തിന് പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കാമെന്നതും കോടതി പരിഗണിച്ചു. പരാതിക്കാരന്റെയും മകളുടെയും സുരക്ഷ ഉറപ്പാക്കുക പ്രധാനമാണെന്നും ജാമ്യവ്യവസ്ഥകളിലൂടെ അത് സാധ്യമാകുമെന്നും കോടതി വ്യക്തമാക്കി.

പൊലീസ് അന്വേഷണത്തിൽ ആശ്രയിച്ച പോഡ്കാസ്റ്റിന്റെ ആധികാരികത സംബന്ധിച്ച തർക്കവും അന്വേഷണത്തിലെ പോരായ്മകളും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ജൂൺ 23ന് നടന്ന സംഭവത്തിൽ വിദ്യാർഥി പ്രവർത്തകയുടെ പിതാവിന്റെ തലയോട്ടി തകർത്തുവെന്ന് വിഡിയോയിൽ അവകാശപ്പെട്ടതിനെ തുടർന്നാണ് ഭരദ്വാജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 4ന് ബുലന്ദ്ഷഹറിൽനിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ തിഹാർ ജയിലിൽ അടച്ചു. സെപ്റ്റംബർ 18നാണ് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയത്.

ഭരദ്വാജിനായി അഭിഭാഷകരായ ഉമേഷ് ചന്ദ്ര ശർമ, ഛായ ശർമ, നീരജ് ചൗഹാൻ എന്നിവർ ഹാജരായി. പരാതിക്കാരനായി അഭിഭാഷകനായ സ്വാതി ഖന്നയും ഹാജരായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Influencer Swatantra Bhardwaj Gets Bail
Next Story