‘പാക് ഏജന്റ്, അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നു’; അഭിജീത് ദീപ്കെക്കെതിരെ ഡൽഹി പൊലീസിൽ ഇൻഫ്ലുവൻസറുടെ പരാതി
text_fieldsന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറുടെ പരാതി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫൈസാൻ അൻസാരിയാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അഭിജീത് ദീപ്കെ ഒരു ‘പാകിസ്താൻ ഏജന്റ്’ ആണെന്ന് ആരോപിച്ച ഫൈസാൻ അൻസാരി അദ്ദേഹത്തിന്റെ അനുയായികൾ തന്നെ രണ്ടുതവണ ആക്രമിച്ചെന്നും ഇതിന് തെളിവുകളുണ്ടെന്നും പരാതിയിൽ പറയുന്നു. പുണെയിലും ഔറംഗാബാദിലും വെച്ചാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് അൻസാരിയുടെ ആരോപണം. സംഭവങ്ങളിൽ ഇതിനകം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അഭിജീത് ദീപ്കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡൽഹി ഡി.സി.പിക്ക് നൽകിയ പരാതിയിൽ ഫൈസാൻ അൻസാരി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഭിജീത് ദീപ്കെ രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഇടപെട്ടില്ലെങ്കിൽ കലാപത്തിന് വരെ കാരണമാകുമെന്നും ഫൈസാൻ അൻസാരി ഡൽഹി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ അഭിജീത് ദീപ്കെയും സി.ജെ.പിയും ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകാൻ ബോളിവുഡ് താരങ്ങൾക്ക് പണം നൽകിയെന്നും അൻസാരി ആരോപിച്ചു. നടിമാരായ ഉർഫി ജാവേദിനും പൂനം പാണ്ഡെക്കും പണം നൽകിയെന്ന ആരോപണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ‘അഭിജീത് ദീപ്കെ ബോളിവുഡ് സെലിബ്രിറ്റികൾക്ക് പണം നൽകുകയും അവരെ ജന്തർ മന്തറിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഉർഫി ജാവേദ് ഒരു ലക്ഷം രൂപയും പൂനം പാണ്ഡെ 20,000 രൂപയും വാങ്ങി’ ഫൈസാൻ അൻസാരി പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

