'നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ്'; ബംഗ്ലാദേശ് ജനത പുറത്താക്കിയയാളെ സഹോദരി എന്ന് വിളിച്ചാണ് മോദി സ്വാഗതം ചെയ്തത് -ഉവൈസി
text_fieldsന്യൂഡൽഹി: ബിഹാറിലെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്നാണ് അമിത് ഷാ നിരന്തരമായി പറയുന്നത്. എന്നാൽ, വീണ്ടും വീണ്ടും മോദിയോടും ഷായോടും ഞങ്ങൾക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ് ഉള്ളത്. ബംഗ്ലാദേശ് ജനത പുറത്താക്കിയ ഒരു നുഴഞ്ഞുകയറ്റക്കാരെ മോദി സഹോദരി എന്ന് പറഞ്ഞാണ് സ്വീകരിച്ചതെന്ന് ഉവൈസി പറഞ്ഞു.
എല്ലാവരുടേയുംവികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി ബിഹാർ തെരഞ്ഞെടുപ്പിൽ ഒരു മുസ്‍ലിമിന് പോലും സീറ്റ് കൊടുത്തില്ലെന്ന് ഉവൈസി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ 101 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. ഇതിൽ ഒരു മുസ്‍ലിം സ്ഥാനാർഥി പോലും ഇടംപിടിച്ചില്ല. ഇക്കാര്യത്തിലാണ് ഉവൈസി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ബിഹാർ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിനൊപ്പം ചേർന്ന് ഉവൈസി മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അവസാനം ചർച്ചകളൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഒടുവിൽ ഒറ്റക്ക് മത്സരിക്കാൻ ഉവൈസി തീരുമാനിക്കുകയായിരുന്നു. 32 സീറ്റുകളിലാണ് ഉവൈസിയുടെ പാർട്ടി ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
നേരത്തെ ബിഹാർ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി പറഞ്ഞിരുന്നു. നേരത്തെ മത്സരിച്ചതിനേക്കാളും അഞ്ചിരട്ടി സീറ്റിൽ ഇക്കുറി ബിഹാറിൽ നിന്നും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിൽ ഒരു ബദൽ രാഷ്ട്രീയം ഉയർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും കോൺഗ്രസും ആർ.ജെ.ഡിയും തമ്മിലുള്ള സഖ്യങ്ങൾ തമ്മിൽ മാത്രമാണ് ബിഹാറിൽ മത്സരമെന്നും ഉവൈസി കൂട്ടിച്ചേർത്തിരുന്നു.
ഇൻഡ്യ സഖ്യത്തിനൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ്, തേജസ്വി യാദവ് എന്നിവറക്ക് കത്തയച്ചിരുന്നു. എന്നാൽ, ഒരു പ്രതികരണണവും ഉണ്ടായില്ല. ഇപ്പോൾ ഞങ്ങൾക്ക് പാർട്ടി വളർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമാന മനസുള്ള മറ്റ് പാർട്ടികളുമായി ചർച്ച നടത്തുമെന്നും ഉവൈസി കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

