വെള്ളവും വായുവും മാത്രം മതി, വൈദ്യുതി ഉൽപാദിപ്പിക്കാം; പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് ഗവേഷകർ
text_fieldsഇൻഡോർ: വൈദ്യുതി ഉൽപാദനം പുതിയ കണ്ടുപിടുത്തവുമായി ഐ.ഐ.ടി ഇൻഡോർ ഗവേഷകർ. വെള്ളവും വായുവും മാത്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സൂര്യപ്രകാശം, ബാറ്ററികൾ, ടർബെൻ എന്നിവ വൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമില്ല. ഐ.ഐ.ടി ഇൻഡോറിലെ സുസ്ഥിര ഊർജ്ജ, പരിസ്ഥിതി വിഭാഗം ഗവേഷകൻ പ്രൊഫ. ധീരേന്ദ്ര കെ. റായിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
ജലബാഷ്പീകരണത്തിന്റെ സ്വാഭാവിക പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. കാർബണിന്റെ ഒരു പാളി രൂപമായ ഗ്രാഫീൻ ഓക്സൈഡ്, സ്ഥിരത നൽകുന്ന സംയുക്തമായ സിങ്ക്-ഇമിഡാസോൾ എന്നിവ സംയോജിപ്പിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത മെംബ്രൺ എന്നിവയാണ് കണ്ടുപിടുത്തത്തിന്റെ കാതൽ.
മെംബ്രൺ ഭാഗികമായി വെള്ളത്തിൽ മുങ്ങുമ്പോൾ വെള്ളം സൂക്ഷ്മ ചാനലുകളിലൂടെ മുകളിലേക്ക് സഞ്ചരിച്ച് ബാഷ്പീകരിക്കപ്പെടുകയും ഇത് വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ബാഷ്പീകരണ-പ്രേരിത ചലനം മെംബ്രണിന്റെ എതിർ അറ്റത്തുള്ള പോസിറ്റീവ്, നെഗറ്റീവ് അയോണുകളെ വേർതിരിക്കുകയും സ്ഥിരമായ വോൾട്ടേജ് സൃഷ്ടിക്കുകയും ചെയ്യുന്നു. ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് തുടർച്ചയായി വൈദ്യുതി നൽകാൻ ഈ സംവിധാനത്തിന് സാധിക്കും.
3 × 2 cm² വിസ്തീർണമുള്ള മെംബ്രൺ 0.75 വാൾട്ട് വരെ ഉൽപാദിപ്പിക്കും. അതേസമയം ഒന്നിലധികം മെംബ്രണുകൾ സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദനത്തിന്‍റെ തോത് വർധിപ്പിക്കാൻ സാധിക്കും. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ചെളി നിറഞ്ഞ വെള്ളത്തിലും സംവിധാനം പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. സോളാർ പാനലുകളിൽ നിന്ന് വ്യത്യസ്തമായി ഉപകരണം വീടിനകത്തും രാത്രിയിലും മേഘാവൃതമായ സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ വരെ ഇവ ഉപയോഗിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

