എന്‍റെ അമ്മ അനുഭവിച്ച അതേ വേദന അച്ഛനും അനുഭവിക്കണം, അയാളെ ജീവനോടെ അറസ്റ്റ് ചെയ്യണം; ഇൻഡോർ കൊലപാതകത്തിൽ അച്ചനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മകൾ
text_fieldsഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ പോസ്റ്റൽ അസിസ്റ്റന്‍റായ ഭാര്യയെ ഭർത്താവ് വീട്ടിൽ വെച്ച് കൊന്ന ശേഷം ഒളിവിൽ പോയ കേസിൽ അച്ഛനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് 13കാരിയായ മകൾ. പൊലീസ് സ്റ്റേഷന് വെളിയിൽ നടത്തിയ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച മകളുടെ വിഡിയോ ഇതിനകം നിരവധി ആളുകളാണ് കണ്ടത്.
ഒളിവിലുള്ള പിതാവിനെ ജീവനോടെ പിടികൂടണമെന്നും തന്റെ അമ്മ അനുഭവിച്ച അതേ വേദന അയാളും അനുഭവിക്കണമെന്നാണ് മകൾ ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച സൻയോഗിതാഗഞ്ച് പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. എൻകൗണ്ടറോ വധശിക്ഷയോ അല്ല മറിച്ച് നിയമത്തിന് മുന്നിലെത്തിച്ച് പ്രതിക്ക് അർഹമായ ശിക്ഷ നൽകണമെന്നാണ് മകൾ പോലീസിനോട് അപേക്ഷിച്ചത്. അയാളെ ജീവനോടെ പിടികൂടൂ, അമ്മ അനുഭവിച്ച അതേ വേദന അയാൾക്കും ലഭിക്കണമെന്ന് മകൾ പറഞ്ഞു.
തന്റെ അമ്മയുടെ ശരീരത്തിലേറ്റ മുറിവുകൾ താൻ നേരിട്ട് കണ്ടതാണെന്നും ചെയ്ത തെറ്റിന്റെ വ്യാപ്തി ബോധ്യപ്പെടുന്ന രീതിയിലുള്ള ശിക്ഷ പ്രതിക്ക് ലഭിക്കണമെന്നും മകൾ ആവർത്തിച്ചു. പോസ്റ്റ് ഓഫീസ് അസിസ്റ്റന്‍റായ ഊർമ്മിള സൈനി കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും പോസ്റ്റൽ വകുപ്പ് ജീവനക്കാരും ചേർന്ന് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഇൻഡോറിലെ സർക്കാർ ക്വാർട്ടേഴ്സിൽ വെച്ചാണ് ഊർമ്മിള സൈനി ക്രൂരമായി കൊല്ലപ്പെട്ടത്. 13കാരിയായ മകൾ സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

