മധ്യപ്രദേശിൽ പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
text_fieldsഭോപാൽ: മധ്യപ്രദേശിൽ പശുവിനെ മോഷ്‍ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. ലസുദിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം. 35കാരനായ ചന്ദർ ആണ് കൊല്ലപ്പെട്ടത്.
കർഷകന്റെ കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടുവെന്നാരോപിച്ച് സുരാജ് ജാത് എന്നയാളും ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും ചേർന്നായിരുന്നു മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പശുക്കളെ മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരിലാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സൂരജ് ജാതും മറ്റൊരാളും ചേർന്ന് ചന്ദറിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകുകയും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ചന്ദറിനെ കുടുംബാംഗങ്ങൾ ഇൻഡോറിലെ ഗവൺമെന്റ് മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൂരജ് ജാതിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മറ്റൊരു പ്രതിയും കൊലപാതക കേസ് പ്രതിയാണെന്നും അഡീഷനൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

