വ്യാജ രേഖകൾ ഉപയോഗിച്ച് പത്ത് വർഷമായി മുംബൈയിൽ താമസിച്ചിരുന്ന ഇന്തോനേഷ്യൻ യുവതി അറസ്റ്റിൽ
text_fieldsഅറസ്റ്റ് ചെയ്ത യുവതി
കൊൽക്കത്ത: വ്യാജ ഇന്ത്യൻ രേഖകൾ നിർമിച്ച് പത്ത് വർഷത്തോളം മുംബൈയിൽ താമസിച്ച സിസിയാനി എന്ന യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ഡാർജിലിങിലെ ഇന്ത്യ നേപ്പാൾ അതിർത്തിക്ക് സമീപത്ത് നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖകളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ സശസ്ത്ര സീമ ബൽ (എസ്.എസ്.ബി) ഉദ്യോഗസ്ഥർ തടഞ്ഞ് പൊലീസിന് കൈമാറി.
ഇന്ത്യൻ പൗരയാണെന്നാണ് ആദ്യം അവകാശപ്പെട്ടത്. കൂടുതൽ പരിശോധനയിൽ പരസ്പരവിരുദ്ധമായ വ്യക്തിഗത വിവരങ്ങളുള്ള ഇന്തോനേഷ്യൻ ഐഡികൾ ഉൾപ്പെടെ നിരവധി വ്യാജ രേഖകൾ കണ്ടെത്തി. പിന്നീടുള്ള ചോദ്യം ചെയ്യലിൽ മുംബൈയിലെ പ്രാദേശിക ഏജന്റ് വഴി ഇന്ത്യൻ ആധാറും പാനും നിർമിച്ചതായി യുവതി സമ്മതിച്ചെന്ന് എസ്.എസ്.ബി വ്യക്തമാക്കി. ഈ വ്യാജരേഖകൾ ഉപയോഗിച്ച് ഒരു പതിറ്റാണ്ടോളമായി മുംബൈയിൽ താമസിക്കുകയാണെന്നും യുവതി വെളിപ്പെടുത്തി. ഇന്തോനേഷ്യ, തുർക്കി, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ സിസിയാനി ഒന്നിലധികം വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ട്.
ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. വിദേശി നിയമം, പാസ്‌പോർട്ട് നിയമം, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ നിയമനടപടികൾക്കായി സിസിയാനിയെ ഖരിബാരി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തിടെ സമാനമായ കുറ്റകൃത്യങ്ങൾക്ക് ആറ് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ വ്യാജ വിസ, പാസ്‌പോർട്ട് രേഖകളുമായി യാത്ര ചെയ്തതിന് ഒരു യു.എസ് പൗരനെയും കസ്റ്റഡിയിലെടുത്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

