ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കെന്ന് സി.ഇ.ഒ; ശൈത്യകാല ഷെഡ്യൂളുകൾ വെട്ടിക്കുറച്ച് ഡി.ജി.സി.എ നടപടി
text_fieldsഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സ്
ന്യൂഡൽഹി: ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി സി.ഇ.ഒ പീറ്റർ എൽബേഴ്സ്. ടിക്കറ്റ് റദ്ദായ ഉപയോക്താക്കൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നത് തുടരുകയാണെന്നും പീറ്റർ എൽബേഴ്സ് പറഞ്ഞു.
‘വിമാനങ്ങളിൽ കുടുങ്ങിയ ഭൂരിഭാഗം ബാഗുകളും എത്തിച്ച് നൽകിക്കഴിഞ്ഞു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ കേട്ടറിഞ്ഞ് പരിഹരിക്കുന്നുണ്ട്. തിങ്കളാഴ്ച വരെ 138 കേന്ദ്രങ്ങളിലേക്ക് സർവീസുകൾ സാധാരണനിലയിലായി. സർക്കാറുമായി പൂർണമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രതിസന്ധി വിശദമായി പരിശോധിച്ച്‍ വരികയാണ്. നിലവിലെ സാഹചര്യത്തിന്റെ കാരണങ്ങൾ തിരിച്ചറിയുന്നതിനൊപ്പം ഇതിൽ നിന്നുമുൾക്കൊള്ളേണ്ട പാഠങ്ങളെന്താണെന്നും എങ്ങിനെ കരുത്തരായി തിരിച്ചെത്താമെന്നുമാണ് പരിശോധിക്കുന്നത്,’ എൽബേഴ്സ് പറഞ്ഞു.
ഇൻഡിഗോയുടെ സേവനങ്ങൾ വേഗത്തിൽ പൂർവ നിലയിലാവുന്നുണ്ടെന്നും സ്ഥിരത കൈവരിക്കുന്നുണ്ടെന്നും വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡുവും ചൊവ്വാഴ്ച ലോക്സഭയെ അറിയിച്ചു. ഇൻഡിഗോ പ്രതിസന്ധിയിൽ ലോക്സഭയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഒരുവിമാനക്കമ്പനിയെയും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ല. ഇതര കമ്പനികളുടെ വിമാനങ്ങൾ തടസമില്ലാതെ സർവീസ് തുടരുന്നുണ്ട്. വിമാനത്താവളങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇൻഡിഗോയുടെ വ്യാപകമായ ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശങ്ക പ്രകടിപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ ശരിയാക്കാനാണെന്നും ജനങ്ങളെ ഉപദ്രവിക്കാനല്ലെന്നും മോദി പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും പ്രതിസന്ധിയിലാക്കരുതെന്നും പ്രധാനമന്ത്രി നിർദേശം നൽകിയതായി എൻ. ഡി. എ. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്ര മന്ത്രി കിരൺ റിജിജു വെളിപ്പെടുത്തി.
ഇതിനിടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഇൻഡിഗോയുടെ അംഗീകൃത ശൈത്യകാല ഷെഡ്യൂളുകൾ 10 ശതമാനം വെട്ടിക്കുറച്ചു. നിലവിലെ സാഹചര്യത്തിൽ എയർലൈനിന് 15,014 പ്രതിവാര പുറപ്പെടലുകൾ കാര്യക്ഷമമായി നടപ്പിലാക്കാനാവില്ലെന്ന് ചൂണ്ടിയാണ് നടപടി.
പ്രതിസന്ധി ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഉയർന്ന ആവശ്യകതയുള്ളതും അധിക പറക്കലുകൾ ആവശ്യമുള്ളതുമായ മേഖലകളിൽ പ്രവർത്തനം കുറക്കാൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് ഇതര കമ്പനികളുടെ സർവീസുകൾക്ക് അവസരമൊരുക്കും.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി പുതുക്കിയ ഷെഡ്യൂൾ സമർപ്പിക്കണമെന്നാണ് ഇൻഡിഗോക്ക് നൽകിയിരിക്കുന്ന നിർദേശം. ആഴ്ചയിൽ 15,014, (ദിനേന 2,145) ആഭ്യന്തര സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇതിൽ 10ശതമാനം വെട്ടിക്കുറക്കുന്നത് ദിവസം 214ഉം, ആഴ്ചയിൽ 1500ഉം സർവീസുകളുടെ കുറവുണ്ടാക്കിയേക്കും. കമ്പനിയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ട് ഡി.ജി.സി.എ കൂടുതൽ സർവീസുകൾ വെട്ടിച്ചുരുക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

