ഗൾഫിലെ ഏഴ് നഗരങ്ങളിലേക്കുള്ള സർവിസുകൾ ഇൻഡിഗോ നിർത്തിവെച്ചു
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ യുദ്ധം പശ്ചിമേഷ്യൻ മേഖലയിലെ വ്യോമഗതാഗതത്തെ ബാധിച്ചതോടെ ഗൾഫിലെ ഏഴ് പ്രധാന നഗരങ്ങളിലേക്കുള്ള സർവിസുകൾ ഇൻഡിഗോ എയർലൈൻസ് നിർത്തിവെച്ചു. ഷാർജ, ദോഹ, കുവൈത്ത് എന്നിവയുൾപ്പെടെയുള്ള സെക്ടറുകളിലേക്കുള്ള വിമാനങ്ങളാണ് മാർച്ച് 28 വരെ റദ്ദാക്കിയത്. യുദ്ധ പശ്ചാത്തലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനയും ഇൻഷുറൻസ് ചെലവുകളും സുരക്ഷ ഭീഷണിയും കണക്കിലെടുത്താണ് വിമാനക്കമ്പനിയുടെ ഈ നീക്കം.
ദോഹ, കുവൈത്ത്, ഷാർജ, റാസൽഖൈമ, ഫുജൈറ, ബഹ്‌റൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് ഇൻഡിഗോ താൽക്കാലികമായി റദ്ദാക്കിയത്. യുദ്ധം കാരണം വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പരിമിതികളും കണക്കിലെടുത്താണ് ഈ മാറ്റം. നിലവിൽ മാർച്ച് 16 മുതൽ 28 വരെ ആഴ്ചയിൽ 252 സർവിസുകൾ മാത്രമായിരിക്കും ഇൻഡിഗോ പശ്ചിമേഷ്യൻ മേഖലയിലേക്ക് നടത്തുക.
ഇൻഡിഗോ സർവിസുകൾ വെട്ടിക്കുറച്ചെങ്കിലും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവിസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 15 ഞായറാഴ്ച മാത്രം ആകെ 72 വിമാനങ്ങളാണ് ഇരു കമ്പനികളും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കുമായി 52 പ്രത്യേക സർവിസുകൾ ഉൾപ്പെടുന്നു. സ്ലോട്ടുകളുടെ ലഭ്യതക്കും അന്നേ ദിവസത്തെ കാലാവസ്ഥക്കും അനുസരിച്ചായിരിക്കും ഈ സർവിസുകൾ.ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ആഗോള വ്യോമയാന മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ഇൻഡിഗോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

