ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സമരത്തിനൊരുങ്ങിയ പൈലറ്റുമാർക്ക് സസ്‍പെൻഷൻ
text_fieldsശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പണിമുടക്കിന് പദ്ധതിയിട്ട പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്ത് ഇന്‍ഡിഗോ. ചൊവ്വാഴ്ച പണിമുടക്കാനായിരുന്നു പൈലറ്റുമാരുടെ പദ്ധതി. അതിന് ഒരു ദിവസം മുമ്പേ കമ്പനി നടപടി കൈക്കൊള്ളുകയായിരുന്നു. ഇന്നലെയാണ് 12 പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തത്.
കോവിഡ് വ്യാപനത്തിനിടെയാണ് പൈലറ്റുമാരുടെ ശമ്പളം ഇന്‍ഡിഗോ വെട്ടിക്കുറച്ചത്. പൈലറ്റുമാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് രാജ്യത്തുടനീളം വിമാനങ്ങൾ റദ്ദാക്കിയപ്പോഴായിരുന്നു ഇത്. പൈലറ്റുമാരുടെ ശമ്പളം എട്ട് ശതമാനം വർദ്ധിപ്പിക്കുമെന്ന് ഏപ്രില്‍ ഒന്നിന് ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ നവംബർ മുതൽ 6.5 ശതമാനം വർധന കൂടി നടപ്പാക്കുമെന്നും ഇന്‍ഡിഗോ പൈലറ്റുമാരെ അറിയിച്ചു.
ഒരു വിഭാഗം പൈലറ്റുമാർ തൃപ്തരാകാതെ പണിമുടക്കിന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ വര്‍ധനവിലൂടെ കോവിഡിന് മുന്‍പുള്ള കാലത്തെ ശമ്പളത്തിലേക്ക് എത്തില്ലെന്ന് പൈലറ്റുമാര്‍ പറയുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഇക്കാര്യം ഇൻഡിഗോ സ്ഥിരീകരിച്ചു- "തൊഴിൽ വ്യവസ്ഥകൾക്ക് വിരുദ്ധമായ, കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇൻഡിഗോ ചില പൈലറ്റുമാരെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു" -ഇൻഡിഗോ വക്താവ് അറിയിച്ചു.