ചെക് ഇൻ ബാഗ് കുത്തിത്തുറന്ന് മോഷണം; ഇൻഡിഗോയുടെ വിശദീകരണം അസ്വീകാര്യമെന്ന് യുവതി, മറുപടിയുമായി കമ്പനി
text_fieldsറിതിക അറോറ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ബാഗുകളുടെ ദൃശ്യം, ബാഗുകൾ കുത്തിക്കീറിയിരിക്കുന്നത് ചിത്രത്തിൽ കാണാം
ന്യൂഡൽഹി: മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിൽ യാത്രക്കിടെ യുവതിയുടെ ചെക്ക് ഇൻ സ്യൂട്ട്കേസുകൾ പൊട്ടിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപണം. മുംബൈ സ്വദേശിനി റിതിക അറോറയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ എയർലൈൻ ആരോപണങ്ങൾ നിഷേധിച്ചു.
കീറിയ നിലയിൽ ബാഗിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള റിതിക അറോറയുടെ ലിങ്ഡ്ഇൻ പോസ്റ്റുകൾ ഇതിനകം വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഇൻഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയിൽ അങ്ങേയറ്റം നിരാശയുണ്ടെന്ന് യുവതി പോസ്റ്റിൽ പറഞ്ഞു. ഇൻഡിഗോയിൽ തന്റെ മുംബൈ - ഡൽഹി വിമാനയാത്രക്കിടെയായിരുന്നു മോഷണം. രണ്ട് ചെക്ക്-ഇൻ സ്യൂട്ട്കേസുകൾ കീറിമുറിച്ച്, 40,000 രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു. എയർസേവ, കസ്റ്റമർ കെയർ, മറ്റ് പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയിലൂടെ വിഷയം ഉന്നയിച്ചെങ്കിലും സി.സി.ടി.വി മോഷണം കണ്ടെത്തിയില്ലെന്ന പൊതു മറുപടിയാണ് ലഭിച്ചതെന്ന് അവർ പറഞ്ഞു.
വിശദീകരണം അപര്യാപ്തമാണെന്ന് റിതിക പോസ്റ്റിൽ കുറിച്ചു. ‘എല്ലാ ബാഗേജ് ഏരിയകളിലും സി.സി.ടി.വി ഇല്ലാത്തപ്പോൾ, സി.സി.ടി.വി ഇല്ലാത്ത മേഖലകളിലെ ജീവനക്കാരെ ഒരിക്കലും പരിശോധിച്ചില്ല, മോഷണം സംഭവിച്ചുവെന്നും, യാത്രക്കാരുടെ സുരക്ഷ അവഗണിക്കപ്പെട്ടുവെന്നും വ്യക്തമായിട്ടും ഈ നിലപാട് അസ്വീകാര്യമാണ്. ചെക്ക്-ഇൻ ബാഗേജുകളുടെ അടിസ്ഥാന സുരക്ഷ എയർലൈനിന്റെ ഉത്തരവാദിത്തമാണ്. കോപ്പി-പേസ്റ്റ് മറുപടികൾ ഇതുപോലുള്ള ഗുരുതരമായ ഒരു ലംഘനം പരിഹരിക്കാൻ ഉതകില്ല,’ അധികൃതരെ ടാഗ് ചെയ്ത് റിതിക എഴുതി.
അറോറയുടെ അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ, ആരോപണങ്ങളെ പിന്തുണക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ സമഗ്രമായ അവലോകനമടക്കം നടപടികൾ സ്വീകരിച്ചതായും ക്രമരഹിതമായി കൈകാര്യം ചെയ്തതിന്റെയോ മോഷണത്തിന്റെയോ സൂചനകളൊന്നും കണ്ടെത്തിയില്ലെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
യാത്രാ നിബന്ധനകൾ അനുസരിച്ച്, യാത്രക്കാർ വിലപിടിപ്പുള്ള വസ്തുക്കൾ ക്യാബിൻ ബാഗേജിൽ കൊണ്ടുപോകണമെന്ന് എയർലൈൻ ആവർത്തിച്ചു. അറോറ അധികാരികൾക്ക് ഔപചാരികമായി പരാതി നൽകാൻ തീരുമാനിച്ചാൽ, ആവശ്യമായ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

