പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്
text_fieldsഹൈദരാബാദ്: പവർബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയാണ് സംഭവം. യാത്രക്കാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനു പിന്നാലെയാണ് വിമാനം തിരിച്ചു വിട്ടത്. തകരാറിലായ പവർബാങ്കിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.
വിമാനത്തിനുള്ളിലെ ലഗേജ് സൂക്ഷിക്കുന്ന കാബിനിൽ തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. യാത്രക്കാരിലൊരാൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തീ പടർന്നതിനെ തുടർന്ന് യാത്രക്കാർ ബാഗുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം നടത്തി. തുടർന്ന് വിമാനത്തിലെ കാബിൻ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചാണ് തീ പൂർണമായും അണച്ചത്. പിന്നീട് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം ഹൈദരാബാദിലേക്ക് തിരിച്ചു വിടുകയും മുഴുവൻ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.
പവർ ബാങ്കുകളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾക്ക് തകരാറുകൾ സംഭവിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്താൽ ഇത് കത്താനുള്ള സാധ്യതയുണ്ട്. വിമാനത്തിന്റെ അടച്ചിട്ട കാബിനുള്ളിൽ ഇത്തരത്തിൽ പുക ഉയർന്നാൽ അത് വലിയ ദുരന്തത്തിന് കാരണമായേക്കും. ചെക്ക്-ഇൻ ബാഗേജിൽ പവർബാങ്കുകൾ സൂക്ഷിക്കാൻ വിമാനക്കമ്പനികൾ പൊതുവെ അനുമതി നൽകാറില്ല. യാത്രക്കിടെ പവർബാങ്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും വിമാനക്കമ്പനികൾക്ക് പ്രത്യേക സുരക്ഷാ നിർദേശങ്ങളുണ്ട്.
വിമാനത്തിലെ സുരക്ഷാ ജീവനക്കാരുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവാക്കാനും ആളപായം ഒഴിവാക്കാനും സാധിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

