യാത്രക്കാരൻ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു: ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനം മെഡിക്കൽ അടിയന്തരാവസ്ഥ കാരണം പാകിസ്താനിലെ കറാച്ചിയിൽ ഇറങ്ങി. വിമാനത്തിലുള്ള യാത്രക്കാരിലൊരാൾക്ക് ശാരീരികമായി ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയത്. എന്നാൽ വിമാനമിറങ്ങുമ്പോഴേക്കും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
നൈജീരിയക്കാരനായ അബ്ദുല്ല (60) ആണ് മരിച്ചത്. വിമാനത്താവളത്തിൽ നിന്ന് മെഡിക്കൽ സംഘം എത്തുമ്പോഴേക്കും ഇദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് ഇൻഡിഗോ വാർത്താ കുറിപ്പിൽ അറിയിച്ചു.
വിമാന യാത്രക്കിടെ യാത്രക്കാരൻ ശാരീരിക സ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ ക്യാപ്റ്റർ കറാച്ചി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും വിമാനമിറങ്ങാൻ അനുമതി നേടുകയുമായിരുന്നു.
സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഡോക്ടർമാർ യാത്രക്കാരന്റെ മരണ സർട്ടിഫിക്കറ്റ് അനുവദിച്ചു. മറ്റ് യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.