യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നൽകിയ ഇൻഡിഗോ എയർലൈൻസിന്1.5 ലക്ഷം രൂപ പിഴ
text_fieldsIndiGo Flight
ന്യൂഡൽഹി: യാത്രക്കാരിക്ക് വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ് നൽകിയതിന് ഇൻഡിഗോ എയർലൈൻസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഡൽഹി ഉപഭോക്തൃ ഫോറം. സേവനത്തിലെ പോരായ്മ മൂലം അവർ അനുഭവിച്ച അസ്വസ്ഥതക്കും മാനസിക പ്രയാസത്തിനും 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. പുറമെ കേസിന് ചെലവായ 25,000 രൂപ നൽകാനും ഫോറം ഉത്തരവിട്ടു.
ഈ വർഷം ജനുവരി 2ന് ബാക്കുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ് നൽകിയെന്ന് ആരോപിച്ച് പിങ്കി എന്ന യുവതി സമർപ്പിച്ച പരാതിയിൽ പൂനം ചൗധരി പ്രസിഡന്റും ബാരിഖ് അഹമ്മദ്, ശേഖർ ചന്ദ്ര എന്നിവർ അംഗങ്ങളുമായ ഡൽഹി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വാദം കേട്ടു. ഈ വിഷയത്തെക്കുറിച്ചുള്ള തന്റെ പരാതി അവഗണിക്കുകയും സെൻസിറ്റീവായ രീതിയിൽ കൈകാര്യം ചെയ്തുവെന്നും പിങ്കി ആരോപിച്ചു.
എന്നാൽ, വാദത്തെ എതിർത്ത് പിങ്കി നേരിടുന്ന പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്നും അവർക്ക് മറ്റൊരു സീറ്റ് നൽകിയതായും എയർലൈൻസ് പറഞ്ഞു. അതിലവർ സ്വമേധയാ യാത്ര ചെയ്ത് ഡൽഹിയിലേക്കുള്ള യാത്ര പൂർത്തിയാക്കിയതായും പറഞ്ഞു.
എന്നാൽ, എതിർ കക്ഷി (ഇൻഡിഗോ) സേവനത്തിലെ പോരായ്മക്ക് കുറ്റക്കാരനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ജൂലൈ 9ന് പുറത്തിറക്കിയ ഒരു ഉത്തരവിൽ ഫോറം തങ്ങളുടെ മുന്നിലുള്ള തെളിവുകൾ നിരത്തിക്കൊണ്ട് പറഞ്ഞു. അവർ അനുഭവിച്ച അസ്വസ്ഥതയും മാനസിക വേദനയും സംബന്ധിച്ച് അവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഞങ്ങൾ കരുതുന്നു. അതനുസരിച്ച്, നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ നൽകാൻ എതിർ കക്ഷിയോട് ഞങ്ങൾ നിർദേശിക്കുന്നു’വെന്ന് ഫോറം കൂട്ടിച്ചേർത്തു. കേസിന് ചെലവായ 25,000 രൂപ നൽകാനും ഫോറം ഉത്തരവിട്ടു.
സ്റ്റാൻഡേർഡ് ഏവിയേഷൻ പ്രോട്ടോക്കോളുകൾ പ്രകാരം ആഭ്യന്തര പ്രവർത്തന രേഖകളുടെ ഭാഗമായ ‘സിറ്റുവേഷൻ ഡാറ്റ ഡിസ്പ്ലേ ’ (എസ്.ഡി.സി) റിപ്പോർട്ട് ഹാജറാക്കുന്നതിൽ എയർലൈനുകൾ പരാജയപ്പെട്ടുവെന്ന് ഫോറം ഉത്തരവിൽ പറഞ്ഞു.
‘എഴുതിയ പ്രസ്താവനയിലോ എതിർ കക്ഷി സമർപ്പിച്ച തെളിവുകളിലോ ഈ റിപ്പോർട്ടിനെക്കുറിച്ച് യാതൊരു പരാമർശവുമില്ല. വിമാന പ്രവർത്തന നിരീക്ഷണത്തിനും യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന ഒരു നിർണായക രേഖയാണ് എസ്.എസ്.ഡി. ഈ രേഖയുടെ അഭാവം എതിർ കക്ഷിയുടെ പ്രതിരോധത്തെ ദുർബലമാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

