കടുവ സംരക്ഷണ പദ്ധതികളുടെയും ടൂറിസത്തിന്റെയും പേരിൽ പൈതൃക മണ്ണിൽ നിന്ന് തുടച്ചുനീക്കുന്നു; നിശബ്ദരാക്കപ്പെട്ട് രാജ്യത്തെ ആദിമ നിവാസികൾ
text_fieldsന്യൂഡൽഹി: കടുവാ സംരക്ഷണ പദ്ധതികളുടെയും ടൂറിസം വികസനത്തിന്റെയും മറവിൽ നൂറ്റാണ്ടുകളായി അധിവസിക്കുന്ന പൂർവിക മണ്ണിൽനിന്ന് തങ്ങളെ തുടച്ചുനീക്കുന്നതായി രാജ്യത്തുടനീളമുള്ള ആദിവാസി സമൂഹങ്ങൾ. ‘കമ്യൂണിറ്റി നെറ്റ്‍വർക്ക് എഗെയ്ൻസ്റ്റ് പ്രൊട്ടക്റ്റഡ് ഏരിയാസ്’ എന്ന സംഘടന നടത്തിയ ഓൺലൈൻ പരിപാടിയിൽ ആണ് ആദിവാസി ജനത ഉള്ളുതുറന്നത്.
രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും ആദിവാസി ജനതക്ക് ഇപ്പോഴും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് കുറുബ ഗോത്രത്തിൽനിന്നുള്ള ജെ.സി ശിവമ്മ പറഞ്ഞു. നാഗർഹോള ടൈഗർ റിസർവിൽനിന്നും കുടിയിറക്കപ്പെട്ട 52 കുടുംബങ്ങളിൽ ഒന്ന് ശിവമ്മയുടേതാണ്. സ്വസ്ഥമായി താമസിച്ചുവരുന്നതിനിടെ ബലം പ്രയോഗിച്ചുള്ള കുടിയിറക്കലിനിരയാക്കപ്പെട്ടിട്ട് 35 വർഷങ്ങൾ കഴിഞ്ഞു.
‘ഞങ്ങളുടെ കുടുംബാംഗങ്ങളിൽ പലരും അവിടെ ജീവിച്ചു മരിച്ചു. അതുപോലെ പ്രതിഷ്ഠകളും അവിടെത്തന്നെയുണ്ട്. ഞങ്ങൾ പ്രിയപ്പെട്ടവരുടെയും ദൈവങ്ങളുടെയും അടുത്തേക്ക് തിരിച്ചുപോവാൻ ആഗ്രഹിക്കുന്നു. പക്ഷെ, എപ്പോഴൊക്കെ അതിന് ശ്രമിച്ചാലും വനംവുകുപ്പുമായി ഏറ്റുമുട്ടേണ്ടിവരും. അവർ ഞങ്ങളെ ദ്രോഹിക്കുന്നു. മരിക്കുകയാണെങ്കിൽ അത് ഞങ്ങളുടെ പൈതൃക മണ്ണിലായിരിക്കുമെന്നും’ ശിവമ്മ പറഞ്ഞു.
വീടുകൾ കത്തിച്ചുകളഞ്ഞതായും ശേഷം ആനകളെ കൊണ്ടിറക്കി കൃഷിയടങ്ങൾ നശിപ്പിച്ചുവെന്ന് ശിവു എന്നയാൾ പറഞ്ഞു. ഞങ്ങളുടെ പൂർവികർ സന്തോഷത്തോടെ കഴിഞ്ഞ മാണ്ണാണതെന്നും അത് കടുവാ സങ്കേതമായിരുന്നില്ലെന്നും അവർ പറയുന്നു. ‘അവിടെയാണ് ഞങ്ങളുടെ അന്നമുള്ളത്. അവിടെനിന്നാണ് തേൻ ശേഖരിച്ചത്. അവിടെ ഞങ്ങൾക്ക് കുടിവെള്ള സ്രോതസ്സുകളുണ്ട്. വൈകുന്നേരങ്ങളിൽ ഞങ്ങൾ പാട്ടുപാടിയും വർത്തമാനങ്ങൾ പറഞ്ഞും സന്തോഷത്തോടെ ചെലവഴിച്ചു. പിന്നീട് എല്ലാം നിശബ്ദമാക്കപ്പെട്ടു’വെന്നും അവർ വേദനയോടെ വിവരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തദ്ദേശീയ ജനത സമാനമായ യുദ്ധത്തിലേർപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കൂട്ടായ ശബ്ദം ഉയർത്തേണ്ട വഴികൾ കണ്ടെത്തുക എന്നത് അനിവാര്യമാണെന്നും പരിപാടിയുടെ സംഘാടകരിൽ ഒരാളായ ലാറ ജെസാനി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

