ഞാൻ കണ്ടതിൽവെച്ച് ഏറ്റവും മികച്ചത് ഇന്ത്യൻ യുവത; എന്‍റെ പ്രതീക്ഷ വീണ്ടെടുക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി -സോനം വാങ്ചുക്
text_fieldsസോനം വാങ്ചുക്
ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഏകദേശം രണ്ട് ആഴ്ചകൾക്ക് ശേഷം, രാജ്യത്തെ യുവത്വത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ച് സോനം വാങ്ചുക് രംഗത്ത്. താൻ അനുഭവിച്ച സമരദിനങ്ങളെയും തനിക്കൊപ്പം നിന്ന പിന്തുണച്ചവരെയും ഓർത്തെടുത്തുകൊണ്ട് 4 മിനിറ്റും 34 സെക്കൻഡും ദൈർഘ്യമുള്ള ഒരു വിഡിയോ സന്ദേശമാണ് അദ്ദേഹം എക്സിലൂടെ പങ്കുവെച്ചത്.
താൻ സമരം അവസാനിപ്പിച്ച് 12 ദിവസങ്ങളും, തന്റെ ഗ്രാമത്തിലേക്ക് മടങ്ങി എത്തിയിട്ട് 5 ദിവസങ്ങളും കഴിഞ്ഞതായി സോനം വാങ്ചുക് വിഡിയോയിൽ വ്യക്തമാക്കി. നിരാഹാര സമരത്തിനിടയിൽ തനിക്ക് ഏകദേശം 11 കിലോഗ്രാമോളം ഭാരം കുറഞ്ഞിരുന്നെങ്കിലും അതിൽ 6 കിലോഗ്രാം ഇതിനോടകം തിരികെ ലഭിച്ചതായും ഏതാനും ആഴ്ചകൾക്കുള്ളിൽ താൻ പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാജ്യത്തിലും ജനാധിപത്യത്തിലും യുവജനങ്ങളിലും എനിക്കുള്ള വിശ്വാസവും പ്രതീക്ഷയും വീണ്ടെടുക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി’ വാങ്ചുക് പറഞ്ഞു. തന്റെ ഗ്രാമത്തിൽ തിരിച്ചെത്തിയിട്ടും ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന സമരത്തിന്റെ ഓർമകൾ തന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്ന് വാങ്ചുക് പറഞ്ഞു. ഇന്നത്തെ തലമുറയിലെ യുവജനങ്ങൾ അലസരോ സ്വാർത്ഥരോ ആണെന്നുള്ള പൊതുവായ ധാരണയെ ഈ സമരം തിരുത്തിയെഴുതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർഥികളും വളണ്ടിയർമാരും തങ്ങളെക്കാൾ ഉപരി മറ്റുള്ളവരെ പരിഗണിക്കുകയും, വിഷമ ഘട്ടങ്ങളിൽ പരസ്പരം പിന്തുണക്കുകയും ചെയ്ത അസാധാരണമായ കാഴ്ചയാണ് ജന്തർമന്തറിൽ കണ്ടത്. യുവജനങ്ങൾക്ക് അർഹമായ ബഹുമാനവും ഉത്തരവാദിത്തവും നൽകിയാൽ അവരെക്കാൾ മികച്ചവരായി ആരുമില്ലെന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും, അത് ജന്തർമന്തറിൽ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ചിട്ടുള്ള താൻ, ഇന്ത്യയിലെ യുവജനങ്ങളെയാണ് ഏറ്റവും മികച്ചവരായി കണ്ടിട്ടുള്ളതെന്ന് സോനം വാങ്ചുക് വ്യക്തമാക്കി. എന്നാൽ രാജ്യത്തിന്റെ യഥാർത്ഥ വെല്ലുവിളി മുതിർന്ന തലമുറയിലാണെന്നും, പ്രത്യേകിച്ചും രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിലാണ് അതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വിഷയത്തെക്കുറിച്ച് മറ്റൊരു അവസരത്തിൽ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരകാലയളവിൽ തനിക്കൊപ്പം നിന്ന സി.ജെ.പി വളണ്ടിയർമാർ, കോർ കമ്മിറ്റി അംഗങ്ങൾ, ആരോഗ്യനില നിരന്തരം നിരീക്ഷിച്ച ഡോക്ടർമാർ, വിദ്യാർഥി യൂണിയനുകൾ, സംഭാവനകൾ നൽകിയവർ, താമസവും ഭക്ഷണവും ഒരുക്കിനൽകിയ ഗുരുദ്വാരകൾ, രാഷ്ട്രീയ പാർടികൾ, കർഷക സംഘടനകൾ, മാധ്യമങ്ങൾ, കണ്ടന്റ് ക്രിയേറ്റർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ഗവൺമെന്റ് ജീവനക്കാർ എന്നിവർക്ക് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. ഒപ്പം, ഈ സമരത്തിന് പിന്തുണ നൽകിയ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുകയും ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സോനം വാങ്ചുക് ഡൽഹിയിലെ ജന്തർമന്തറിൽ 26 ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. സമരത്തിനിടയിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. രാജ്യത്തുടനീളമുള്ള ചോദ്യച്ചോർച്ചകളുടെ ഉത്തരവാദിത്തവും ഉത്തരവാദികൾക്കെതിരായ നടപടികളും പാർലമെന്റിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ചർച്ച ചെയ്യുമെന്ന് കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഉറപ്പുനൽകിയതിനെ തുടർന്നായിരുന്നു അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

