രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 58 ശതമാനം -കേന്ദ്ര ആരോഗ്യമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. രോഗം ബാധിച്ച മൂന്നുലക്ഷത്തോളം പേർ ഇതുവരെ രോഗമുക്തി നേടി. മരണനിരക്ക് മൂന്നുശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇതു കുറവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 19 ദിവസത്തോളമെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 17,296 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ള പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായി ഏഴു ദിവസം പ്രതിദിനം 14,000ത്തിലധികം ആളുകൾക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പുതുതായി 407 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 15,301 ആയി.
മഹാരാഷ്ട്രയാണ് കോവിഡ് അതിരൂക്ഷമായി പിടിച്ചുലച്ച സംസ്ഥാനം. പുതുതായി 50,240 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിക്കുകയും 175 പേർ മരിക്കുകയും ചെയ്തു. മുംബൈയിൽ വെള്ളിയാഴ്ച കോവിഡ് ബാധിതരുടെ എണ്ണം 72,175 ആയി ഉയർന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 1,52,765 ആയി. ഇതിൽ 65,829 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.

